Connect with us

Ongoing News

ക്രിസ്റ്റിയാനോയോ റാമോസോ...?? സ്‌പെയിന്‍- പോര്‍ച്ചുഗല്‍ സൂപ്പര്‍ പോരാട്ടം അല്‍പസമയത്തിനകം

Published

|

Last Updated

സോചി: ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍- പോര്‍ച്ചുഗല്‍ സൂപ്പര്‍ പോരാട്ടം അല്‍പസമയത്തിനകം ആരംഭിക്കും. മുഖ്യപരിശീലകന്‍ യുലെന്‍ ലാപെടെഗ്യുവിനെ പുറത്താക്കി ഫെര്‍നാന്‍ഡോ ഹിയറോക്ക് ചുമതല നല്‍കിയ സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ദ്രുത നടപടി ഇന്ന് അളക്കപ്പെടും. ഏതു വിധത്തിലും ജയിക്കാനുള്ള തന്ത്രം പയറ്റുന്ന ഫെര്‍നാന്‍ഡോ സാന്റോസാണ് പോര്‍ച്ചുഗലിന്റെ കോച്ച്. ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പറങ്കിപ്പടയുടെ ക്യാപ്റ്റന്‍.

സൂപ്പര്‍ താരനിര സ്‌പെയ്‌നിനൊപ്പമുണ്ടെങ്കിലും കോച്ചിനെ പുറത്താക്കിയത് ടീമിനുള്ളില്‍ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്.
ഫുട്‌ബോള്‍ അസോസിയേഷന്റെ എടുത്തു ചാട്ടത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് അഭിപ്രായ ഭിന്നതയുണ്ട്.
റയല്‍മാഡ്രിഡ് കോച്ചാകാന്‍ രഹസ്യധാരണയുണ്ടാക്കിയതാണ് യുലെന്‍ ലോപെടെഗ്യുവിനെ സ്പാനിഷ് എഫ് എക്ക് അനഭിമതനാക്കിയത്.
റയലിന്റെ ക്യാപ്റ്റനായ സെര്‍ജയോ റാമോസ് തന്നെയാണ് സ്‌പെയ്‌നിന്റെ ക്യാപ്റ്റന്‍. തന്റെ ക്ലബ്ബ് പരിശീലകനാകാന്‍ പോകുന്ന യുലെന് വേണ്ടിയാണ് റാമോസ് യോഗത്തില്‍ നിലകൊണ്ടത്. എന്നാല്‍, ബാഴ്‌സലോണയിലെ ചില താരങ്ങള്‍ കോച്ചിന്റെ പ്രവര്‍ത്തിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, ലോകകപ്പ് ആരംഭിക്കും മുമ്പെ ഇങ്ങനെയൊരു സാഹചര്യമുണ്ടായതില്‍ പൊതുവെ എല്ലാ കളിക്കാരും നിരാശരാണ്. യുലെന് കീഴില്‍ അപരാജിതരായി സ്‌പെയിന്‍ മുന്നേറുമ്പോഴാണ് ഈ പുറത്താക്കല്‍.
കാര്യമായ പരിശീലന പരിചയമില്ലാത്ത ഫെര്‍നാന്‍ഡോ ഹിയറോയെ കോച്ചാക്കിയതും വിഡ്ഢിത്തമായി വിലയിരുത്തപ്പെടുന്നു. യോഗ്യതാ റൗണ്ടിലും സന്നാഹ മത്സരങ്ങളിലും പരിചയ സമ്പന്നനായ കോച്ചിനെ വെച്ച് മുന്നേറിയ സ്‌പെയിന്‍ ലോകകപ്പില്‍ വലിയ പരിചയ സമ്പത്തില്ലാത്ത വ്യക്തിയെ കോച്ചാക്കിയത് എതിര്‍ പാളയത്തിലുള്ളവരെയും അതിശയപ്പെടുത്തി.
യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ എന്ന ലേബലോടെയാണ് പോര്‍ച്ചുഗലിന്റെ വരവെങ്കിലും ലോകകപ്പില്‍ സൂപ്പര്‍ഫേവറിറ്റുകളല്ല സാന്റോസും ശിഷ്യന്‍മാരും.

അതേ സമയം, തോല്‍പ്പിക്കാന്‍ ഏറ്റവും പ്രയാസമുള്ള ടീമാണ് പോര്‍ച്ചുഗല്‍. പോര്‍ട്ടോ,ബെന്‍ഫിക്ക,സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍ ക്ലബ്ബുകളുടെ മുന്‍ പരിശീലകനായ സാന്റോസ് പ്രതിരോധ നിരയെ ശക്തമാക്കിയിട്ടാണ് ഗെയിം പ്ലാന്‍ ചെയ്യുക. 29 മത്സരങ്ങളില്‍ രണ്ട് തവണ മാത്രമാണ് പോര്‍ച്ചുഗല്‍ തോറ്റത്. കഴിഞ്ഞ വര്‍ഷം ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ചിലിയോട് തോറ്റത് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്. മറ്റൊരു തോല്‍വി ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍. സ്വിറ്റ്‌സര്‍ലന്‍ഡിനോട് 2-0ന് അപ്രതീക്ഷിതമായി പരാജയപ്പെട്ട പോര്‍ച്ചുഗല്‍ പിന്നീട് തുടരെ ഒമ്പത് മത്സരങ്ങള്‍ ജയിച്ച് യോഗ്യത ഉറപ്പിച്ചു. പത്ത് യോഗ്യതാ മത്സരങ്ങളില്‍ 32 ഗോളുകളാണ് നേടിയത്. വഴങ്ങിയത് നാലെണ്ണം മാത്രം.
ടീം ന്യൂസ് :
സ്‌പെയ്‌നിന്റെ ആകെയുള്ള തലവേദന ഡാനികര്‍വായാലിന്റെ ഫിറ്റ്‌നെസാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തുടക്കത്തില്‍ തന്നെ പരുക്കേറ്റ് കളം വിട്ട ഡാനി ട്രെയ്‌നിംഗ് ആരംഭിച്ചിട്ടേയുള്ളൂ. റൈറ്റ് ബാക്ക് പൊസിഷനില്‍ ഡാനിക്ക് പകരം അല്‍വാരോ ഓഡ്രിസോല കളിക്കും.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ ആരൊക്കെ എന്നതാകും കോച്ച് ഹിയറോയെ കുഴപ്പിക്കുക. ആന്ദ്രെ ഇനിയെസ്റ്റ, സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സ് എന്നിവര്‍ക്കൊപ്പം തിയഗോ അല്‍കന്റാരയോ കോകെയോ ആദ്യ ലൈനപ്പില്‍ കളിക്കും. സ്‌ട്രൈക്കറായി ഡിയഗോ കോസ്റ്റ കളിക്കും.
പോര്‍ച്ചുഗല്‍ കോച്ചിനെ ചിന്തിപ്പിക്കുന്നത് മുന്നേറ്റ നിരയില്‍ ഗോണ്‍സാലോ ഗ്യൂഡെസ് വേണോ ബ്രൂണോ ഫെര്‍നാണ്ടസ് വേണോ എന്നതാണ്. അള്‍ജീരിയക്കെതിരെ സന്നാഹത്തില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.