ഇറാന് നാടകീയ ജയം; മൊറോക്കോയുടെ ഹൃദയം തകര്‍ത്തത് സെല്‍ഫ് ഗോള്‍

Posted on: June 15, 2018 11:02 pm | Last updated: June 16, 2018 at 9:25 am

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളില്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാന് അപ്രതീക്ഷിത ജയം. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാന്‍ പരാജയപ്പെടുത്തിയത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന മിനുട്ടില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് മൊറോക്കോയുടെ ഹൃദയം തകര്‍ത്തത്.

കളിതീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ഇറാന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഹെഡ്ഡ് ചെയ്ത് പുറത്തേക്ക് കളയാനുള്ള അസീസ് ബൗഹാദൂസിന്റെ ശ്രമം ഗോളില്‍ കലാശിക്കുകയായിരുന്നു. കളം നിറഞ്ഞു കളിച്ചെങ്കിലും തോല്‍ക്കാനായിരുന്നു മൊറോക്കോയുടെ വിധി.

മത്സരത്തില്‍ 64 ശതമാനം പന്തടക്കം മൊറോക്കോക്കായിരുന്നു. 12ലേറെ മുന്നേറ്റങ്ങള്‍ അവര്‍ നടത്തിയപ്പോള്‍ ഇറാന്റേത് എട്ടിലൊതുങ്ങി. മൂന്ന് തവണ മൊറോക്കോ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും ഗോള്‍ പിറക്കാതെ പോയി. അടുത്ത മത്സരത്തില്‍ ഇറാന്‍ സ്‌പെയിനിനേയും മോറോക്കോ പോര്‍ച്ചുഗലിനേയും നേരിടും.