ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് പരശുറാം തന്നെയെന്ന് പോലീസ്

Posted on: June 15, 2018 8:55 pm | Last updated: June 15, 2018 at 10:12 pm

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്നത് കഴിഞ്ഞ ദിവസം അറസ്റ്റിലായ പരശുറാം വാഗ്മരെ തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകരായിരുന്ന ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച് അതേ തോക്ക് ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിന് നേരെയും വെടിയുതിര്‍ത്തതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഫൊറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ തോക്ക് ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറ് പേരിലെ അവസാനത്തെയാളാണ് പരശുറാം.

ഇയാള്‍ക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധമുണ്ടെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. കര്‍ണാടക വിജയാപുരം സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അതേസമയം, കെ.ടി. നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

തീവ്ര ഹിന്ദു സംഘടനകളായ സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാം. 2017 സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിയോടെയാണ് ഗൗരി ലങ്കേഷിനെ രാജരാജേശ്വരി നഗറിലെ വീട്ടിന് മുന്നില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.