രണ്ടേരണ്ട് ദിനം: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് വമ്പന്‍ ജയം

Posted on: June 15, 2018 6:39 pm | Last updated: June 15, 2018 at 10:12 pm
SHARE

ബെംഗളൂരൂ: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് മിന്നുന്ന ജയം. വെറും രണ്ട് ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിംഗ്‌സിനും 262 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 109 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍വഴങ്ങി വീണ്ടും ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകരുടെ രണ്ടാം ഇന്നിംഗ്‌സ് 103 റണ്‍സിലൊതുങ്ങി.

രണ്ടാം ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജയുടേയും ഉമേഷ് യാദവിന്റെയും തകര്‍പ്പന്‍ ബൗളിംഗാണ് അഫ്ഗാന്‍ ബാറ്റിങ് നിരയുടെ കഥകഴിച്ചത്. കേവലം 17 റണ്‍സ് വഴങ്ങി ജഡേജ നാല് വിക്കറ്റെടുത്തു. 26 റണ്‍സ് വഴങ്ങിയ ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ പിഴുതു. 35 റണ്‍സെടുത്ത ഹംസത്തുല്ല ഷഹിദിക്കൊഴികെ മറ്റാര്‍ക്കും അഫ്ഗാന്‍ നിരയില്‍ തിളങ്ങാനായില്ല. ഒന്നാം ഇന്നിംഗ്‌സില്‍ ആര്‍ അശ്വിനും ഇശാന്ത് ശര്‍മയും തിളങ്ങി. അശ്വിന്‍ നാലും ഇശാന്ത് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.