കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്ന് മുഖ്യമന്ത്രി; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

Posted on: June 15, 2018 4:27 pm | Last updated: June 15, 2018 at 4:27 pm

തിരുവനന്തപുരം: നിര്‍ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.

ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിനായി 239 ഏക്കര്‍ സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചാണ് ഫാക്ടറിക്കായി കാത്തിരുന്നത്.

റെയില്‍വേയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ലൈറ്റ് വെയിറ്റ് ബ്രോഡ്‌ഗേജ് കോച്ചുകള്‍ നിര്‍മിക്കുകയായിരുന്നു നിര്‍ദിഷ്ട കോച്ച് ഫാക്ടറിയുടെ അടിസ്ഥാന ലക്ഷ്യം. 2008-09 ബജറ്റില്‍ തന്നെ പ്രഖ്യാപിച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലി കോച്ച് ഫാക്ടറി പണി പൂര്‍ത്തിയാക്കി 2012ല്‍ കമ്മീഷന്‍ ചെയ്തു. അലൂമിനിയം കോച്ചുകള്‍ നിര്‍മിക്കുന്നതിന് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ഭാഗമായി പുതിയ ഫാക്ടറി സ്ഥാപിക്കാന്‍ റെയില്‍വെ ഉദേശിക്കുന്നതായറിഞ്ഞു. ഈ ഫാക്ടറി കഞ്ചിക്കോട് പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.