ഭിന്നശേഷിക്കാരിയായ കുഞ്ഞിനേയും മാതാപിതാക്കളേയും വിമാനത്തില്‍നിന്നും ഇറക്കിവിട്ടു

Posted on: June 15, 2018 12:58 pm | Last updated: June 15, 2018 at 12:58 pm
SHARE

സിംഗപ്പൂര്‍ സിറ്റി: പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുഞ്ഞുമായി യാത്രചെയ്യാന്‍ അനുവദിക്കാതെ മലയാളി ദമ്പതികളെ പൈലറ്റ് വിമാനത്തില്‍നിന്നും അധിക്ഷേപിച്ച് ഇറക്കിവിട്ടു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിനു കീഴിലെ സ്‌കൂട്ട് എയര്‍ലൈനില്‍വെച്ചാണ് ഇവര്‍ക്ക് ഈ ദുരനുഭവമുണ്ടായത്. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന അഞ്ച് വയസുകാരിയുമായി സിംഗപ്പൂരില്‍നിന്നും ഫുക്കറ്റിലേക്ക് പോകാനാണ് കൊച്ചി സ്വദേശിയായ ദിവ്യ ജോര്‍ജും ഭര്‍ത്താവും വിമാനത്തില്‍ കയറിയത്. സ്വന്തമായി ഇരിക്കാന്‍ കഴിയാത്ത കുഞ്ഞിനെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പൈലറ്റ്. കുഞ്ഞിന്റെ കാര്യങ്ങള്‍ പറഞ്ഞ് പ്രതിരോധിക്കാന്‍ ദമ്പതികള്‍ ശ്രമിച്ചെങ്കിലും ക്യാപ്റ്റനും മറ്റ് ജീവനക്കാരും കടുത്ത ആക്ഷേപവാക്കുകള്‍ ചൊരിഞ്ഞ് ഇവരെ ഇറക്കിവിടുകയായിരുന്നു.

തങ്ങള്‍ക്ക് നേരിട്ട അധിക്ഷേപം ദിവ്യ ജോര്‍ജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചതിനെത്തുടര്‍ന്നാണ് വിഷയം പുറത്തറിയുന്നതും ചര്‍ച്ചയാകുന്നതും. അഞ്ച് വര്‍ഷത്തിനിടെ 67 തവണ വിമാന യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ദിവ്യ പോസ്റ്റില്‍ പറയുന്നു. കുഞ്ഞിന് ടിക്കറ്റെടുത്തിരുന്നു. കുട്ടികള്‍ക്കുള്ള സീറ്റ് ബെല്‍റ്റ് തരാമെന്ന് വിമാന ജീവനക്കാര്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സീറ്റ് ബെല്‍റ്റ് നല്‍കാന്‍ ഇവര്‍ തയ്യാറായില്ലെന്നും ദിവ്യയുടെ കുറിപ്പിലുണ്ട്. അതേ സമയം ഇവരെ പിന്നീട് ഇതേ വിമാനത്തില്‍ പോകാന്‍ അനുവിദിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here