എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ പോലീസുകാരനെതിരേയും കേസ്

Posted on: June 15, 2018 10:24 am | Last updated: June 15, 2018 at 6:40 pm

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ മര്‍ദിച്ചെന്ന് പരാതി നല്‍കിയ പോലീസുകാരനെതിരേയും കേസെടുത്തു. പോലീസുകാരന്‍ കൈക്ക് കയറിപ്പിടിച്ചുവെന്ന എഡിജിപിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് നേരത്തെ എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയത്.

സംഭവം സംബന്ധിച്ച് പോലീസുകാരന്‍ പറയുന്നതിതാണ്. പ്രഭാത നടത്തം കഴിഞ്ഞ് എഡിജിപിയുടെ മകളേയും ഭാര്യയേയും കനക്കുന്നില്‍നിന്ന് ഔദ്യോഗിക വാഹനത്തില്‍ കൊണ്ടുവരവെ വാഹനത്തില്‍വെച്ച് മകള്‍ തന്നെ ചീത്ത വിളിച്ചു. ചീത്ത വിളി തുടര്‍ന്നാല്‍ വണ്ടിയെടുക്കില്ലെന്ന് താന്‍ പറഞ്ഞു. ഇതില്‍ല രോഷാകുലയായ മകള്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി വണ്ടിയുടെ താക്കോല്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക വാഹനം വിട്ടുതരാനാകില്ലെന്ന് താന്‍ പറഞ്ഞു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞ് മകള്‍ പോയി. വീണ്ടുംവാഹനത്തിലേക്ക് തിരിച്ചുവന്ന മകള്‍ മറന്നുവെച്ച മൊബൈല്‍ ഫോണ്‍ എടുത്ത് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയായിരുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേ സമയം മകള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഗവാസ്‌കറുടെ മേല്‍ സമ്മര്‍ദം ശക്തമാണ്.