ഉറുഗ്വെക്കെതിരെ സാല കളിച്ചേക്കും

Posted on: June 15, 2018 6:24 am | Last updated: June 15, 2018 at 12:29 am
SHARE

യെകാതെറിന്‍ബര്‍ഗ് : മുഹമ്മദ് സാല തോളിനേറ്റ പരുക്കില്‍ നിന്ന് നൂറ് ശതമാനം മുക്തനായിക്കഴിഞ്ഞു. ഉറുഗ്വെക്കെതിരെ സാല കളിക്കാനാണ് സാധ്യത – ഈജിപ്ത് കോച്ച് ഹെക്ടര്‍ കുപ്പറിന്റെ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്തിന് ആവേശം പകരുന്നു.

ലിവര്‍പൂളിനായി ഗോളടിച്ച് കൂട്ടിയ മുഹമ്മദ് സാല യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരുക്കേറ്റ് കളം വിട്ടത് ഈജിപ്തിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളെ ബാധിച്ചിരുന്നു. എന്നാല്‍, മൂന്നാഴ്ചത്തെ വിശ്രമത്തിലും ചികിത്സക്കും ശേഷം സാല കളത്തിലേക്ക് തിരിച്ചെത്തുകയാണ്.
മോ നന്നായി പരിശ്രമിക്കുന്നു. വളരെ വേഗം പരുക്കില്‍ നിന്ന് മുക്തനാകുവാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. സാലക്ക് വേണ്ടി ടീം ഡോക്ടര്‍മാര്‍ കൂടുതല്‍ ശ്രദ്ധയും സമയവും നല്‍കിയതിന്റെ ഫലമാണിത്- കുപ്പര്‍ പറഞ്ഞു.

28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന ഈജിപ്തിന്റെ നോക്കൗട്ട് പ്രതീക്ഷകളത്രയും സാലയുടെ മികവിലാണ്. ലിവര്‍പൂളിനായി കഴിഞ്ഞ സീസണില്‍ 44 ഗോളുകളാണ് സാല നേടിയത്. യോഗ്യതാ റൗണ്ടിലും സാലയാണ് ഈജിപ്തിന്റെ രക്ഷകന്‍.

മെസിയെ പോലെ ഇടത് കാല്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന സാല പ്രതിരോധ നിരയെ അതിവേഗം മറികടക്കുവാന്‍ കെല്‍പ്പുള്ള മുന്നേറ്റക്കാരനാണ്. ഉറുഗ്വെയുടെ തണ്ടും തടിയുമുള്ള ഡിഫന്‍ഡര്‍മാരെ മറികടക്കാന്‍ ഈജിപ്തിന്റെ മുന്നേറ്റ നിരക്ക് സാലയുടെ സഹായം കൂടിയേ തീരൂ. അവസാന നിമിഷം സാലയെ പുറത്തിരുത്തുകയാണെങ്കില്‍ ഹഡര്‍സ്ഫീല്‍ഡിന്റെ പുതിയ സ്‌ട്രൈക്കര്‍ റമദാന്‍ സോബി ആദ്യ ലൈനപ്പില്‍ ഇടം പിടിക്കും. ആഴ്‌സണലിന്റെ മുഹമ്മദ് എല്‍നെനി, താരെക് ഹമീദ് എന്നിവര്‍ കുപ്പറിന്റെ 4-2-3-1 ഫോര്‍മേഷനെ ശക്തമാക്കും.

രണ്ട് തവണ ലോകകപ്പ് ജേതാക്കളായ ഉറുഗ്വെ ഗ്രൂപ്പ് എയില്‍ നിന്ന് നോക്കൗട്ട് സാധ്യത കൂടുതലുള്ള ടീമാണ്. 2010 ല്‍ സെമിഫൈനലിലെത്തിയതാണ് സമീപകാലത്ത് ഉറുഗ്വെയുടെ മികച്ച ലോകകപ്പ് പ്രകടനം.

എഡിസന്‍ കവാനി, ലൂയിസ് സുവാരസ് എന്നീ രണ്ട് ലോകോത്തര സ്‌ട്രൈക്കര്‍മാര്‍ ഉറുഗ്വെയുടെ ഗോളടിയുത്സവത്തിന് നേതൃത്വം നല്‍കാനുണ്ട്. ക്ലബ്ബ് സീസണില്‍ രണ്ട് പേരും ചേര്‍ന്ന് 71 ഗോളുകള്‍ നേടിയിട്ടുണ്ട്. ഉറുഗ്വെക്കായി 98 മത്സരങ്ങളില്‍ നിന്ന് ബാഴ്‌സലോണ സ്‌ട്രൈക്കറായ സുവാരസ് 51 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. റഷ്യ ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയാല്‍ മതി ഉറുഗ്വെക്കായി കൂടുതല്‍ ലോകകപ്പ് ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമെത്താം സുവാരസിന്.
.
4-2-3-1 ഫോര്‍മേഷനിലാണ് ഉറുഗ്വെ ഇറങ്ങുക. കവാനിയാണ് മുഖ്യ സ്‌ട്രൈക്കര്‍. സുവാരസിന് പ്ലേമേക്കറുടെ റോള്‍. സാംഡോറിയയുടെ താരോദയം ലുകാസ് ടൊറെയ്‌റ സൂപ്പര്‍സബ് ആകും.

LEAVE A REPLY

Please enter your comment!
Please enter your name here