Connect with us

Kerala

ഇ പോസ് തുടങ്ങിയിട്ടും 'സ്മാര്‍ട്ടാ'കാതെ റേഷന്‍ കടകള്‍

Published

|

Last Updated

റേഷന്‍ കടകളില്‍ സ്ഥാപിച്ച ഇ പോസ് മെഷീന്‍

കൊച്ചി: ഭക്ഷ്യഭദ്രതാ നിയമ പ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീനുകള്‍ സ്ഥാപിച്ച് റേഷന്‍ വിതരണം സുഗമമാക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കമായെങ്കിലും റേഷന്‍ കടകളുടെ അവസ്ഥ ഇപ്പോഴും പഴയ പടി തന്നെയാണ്. പഴയ കെട്ടിടങ്ങളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്നതടക്കമുള്ള ആയിരക്കണക്കിന് റേഷന്‍ കടകളുടെ പുനരുദ്ധാരണത്തിനാണ് ഇപ്പോഴും നടപടിയാകാത്തത്. ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കുന്ന ഘട്ടത്തില്‍ തന്നെ റേഷന്‍കടകളുടെ നവീകരണവും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കടകള്‍ പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ തീര്‍ത്തും പരാജയപ്പെട്ടു.

സംസ്ഥാനത്തെ 14,435 റേഷന്‍ കടകളില്‍ ഭൂരിഭാഗം കടകളും ഇപ്പോഴും പഴയ കെട്ടിടങ്ങളില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. 4000 കടകളില്‍ മാത്രമേ ഇപ്പോഴും ആധുനികവത്കരിച്ച കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. കടകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അതൊന്നു പോലും ഇപ്പോഴും പൂര്‍ത്തീകരിക്കാനായിട്ടില്ല. റേഷന്‍ കടകള്‍ക്ക് പുതിയ നിറത്തിലുള്ള ബോര്‍ഡുകള്‍ നല്‍കാനും റേഷന്‍ സാമഗ്രികളുടെ അളവു തൂക്കങ്ങള്‍ അപ്പപ്പോള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനുമുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടപ്പാക്കിയിട്ടില്ല.

കടകളില്‍ അരിയും മണ്ണെണ്ണയും പ്രത്യേക മുറികളില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ലല്ല. മിക്ക കടകളിലും വരാന്തയിലും മറ്റുമാണ് ഇപ്പോഴും മണ്ണെണ്ണ ടിന്നുകള്‍ സൂക്ഷിക്കുന്നത്. ഇത് കനത്ത അപകടത്തിനുവരെ ഇടയാക്കാന്‍ സാധ്യതയുണ്ട്്. രാവിലെ എട്ട് മുതല്‍ 12 വരെയും വൈകിട്ട് നാല് മുതല്‍ എട്ടുവരെയും കടകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന നിയമവും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.

ഗോഡൗണുകളില്‍ സി സി ടി വി വേണമെന്ന നിര്‍ദേശവും ഇതുവരെയായും നടപ്പിലായില്ല. സാധാരണക്കാര്‍ക്ക് റേഷന്‍ കടകളിലൂടെ ബേങ്കിംഗ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ സജീവ പരിഗണനയിലുള്ളപ്പോഴാണ് കടകളുടെ ശോച്യാവസ്ഥ ഇപ്പോഴും പഴയ പടി നിലനില്‍ക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി