Connect with us

National

കേന്ദ്രം റദ്ദാക്കിയ പാസ്‌പോര്‍ട്ടില്‍ നീരവ് മോദി ഉലകം ചുറ്റി!

Published

|

Last Updated

ന്യൂഡല്‍ഹി: കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ നീരവ് മോദി റദ്ദാക്കിയ തന്റെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് നാല് യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. മൂന്ന് രാജ്യങ്ങളിലേക്കായി യാത്ര ചെയ്തതായാണ് ഇന്റര്‍ പോള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ഫെബ്രുവരി 24നാണ് നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയത്.

എന്നാല്‍ ഇതിന് ശേഷം ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യു എസ്, ബ്രിട്ടന്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിലേക്ക് ഇയാള്‍ നാല് തവണ യാത്ര ചെയ്തതായാണ് വിവരം. നീരവ് മോദിയുടെയും മെഹുല്‍ ചോക്സ്‌കിയുടെയും പാസ്പോര്‍ട്ട് റദ്ദാക്കിയെങ്കിലും അത് അധികൃതരെയും എയര്‍പോര്‍ട്ടുകളെയും അറിയിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയം വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് സൂചന.

നീരവ് മോദി ഉള്‍പ്പെടെയുള്ള ആളുകള്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ടെന്ന് കാട്ടി സി ബി ഐ ഇന്റര്‍പോളിന് സന്ദേശം അയച്ചിരുന്നു. അതിന് മറുപടിയായിട്ടാണ് ഇയാള്‍ മൂന്ന് രാജ്യങ്ങളിലായി ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെന്ന വിവരം നല്‍കിയത്. പാസ്പോര്‍ട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ച് ലോകത്തെ വിമാനത്താവളങ്ങളിലേക്ക് സന്ദേശം അയക്കണമെന്നാണ് ചട്ടമെങ്കിലും നീരവ് മോദിയുടെ കാര്യത്തില്‍ മാത്രം അത് സംഭവിച്ചില്ല. നീരവ് മോദിയെ ഇന്ത്യയില്‍നിന്ന് വിദേശത്തേക്ക് കടക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്തുകളിച്ചെന്ന ആരോപണം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് മോദി സര്‍ക്കാറിനെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ ബേങ്കുകളില്‍ നിന്ന് 13,000 കോടി തട്ടിയെടുത്ത നീരവ് മോദിയും 9000 കോടി രൂപ തട്ടിയെടുത്ത വിജയ് മല്യയും ഇപ്പോള്‍ ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലാണ് താമസം.