Connect with us

National

പി എന്‍ ബി തട്ടിപ്പ്: നീരവ് മോദി ബ്രസല്‍സിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

Published

|

Last Updated

ലണ്ടന്‍: പി എന്‍ ബി ബേങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദി ബ്രസല്‍സിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് (ആര്‍ സി എന്‍) പുറപ്പെടുവിക്കണമെന്ന് ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അയാള്‍ ബ്രസല്‍സിലേക്ക് കടന്നതായി സൂചന ലഭിച്ചത്.

നീരവ് മോദി ലണ്ടനിലുണ്ടന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. മോദി അവിടെ രാഷ്ട്രീയ അഭയത്തിന് അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ക്ക് സ്ഥിരീകരണം ലഭിക്കാന്‍ ഇന്ത്യ കാത്തിരിക്കുന്നതിനിടെയാണ് മോദി സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ബ്രസല്‍സിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. നീരവ് മോദി സിങ്കപ്പൂര്‍ പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു.

നീരവ് മോദിക്കെതിരെ ആര്‍ സി എന്‍ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷിക്കുന്ന സി ബി ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച മുബൈ പ്രത്യേക കോടതി നീരവ് മോദിക്കും കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബേങ്കില്‍ നിന്ന് 13,578 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് നീരവ് മോദിക്കെതിരായ കേസ്.