Connect with us

National

ശ്രീനഗറില്‍ മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദികള്‍ വധിച്ചു

Published

|

Last Updated

ആക്രമണം നടന്ന സ്ഥലത്ത് കൂടിനില്‍ക്കുന്നവര്‍.

ശ്രീനഗര്‍: ജമ്മു കശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയില്‍ സ്വന്തം ഓഫീസിന് പുറത്തിറങ്ങിയ ഉടനെ ബുഖാരിക്ക് വെടിയേല്‍ക്കുകയായിരുന്നു.

മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തൊട്ടടുത്ത് നിന്ന് ഒന്നിലേറെ വെടിയുണ്ടകള്‍ അദ്ദേഹത്തിന് ഏറ്റു. ബുഖാരിക്ക് സംരക്ഷണം തീര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഷുജാത് ബുഖാരി

കശ്മീരില്‍ നീണ്ട ഇടവേളക്ക് ശേഷമാണ് മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് വിവരം. റൈസിംഗ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് കൊല്ലപ്പെട്ട ഷുജാത് ബുഖാരി. വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2000ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചത്. ഇതില്‍ ഒരാളാണ് ഇന്നലെ വെടിയേറ്റ് മരിച്ചത്. രണ്ടാമന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ വൈകുന്നേരം 7.30ന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെയാണ് ബുഖാരിക്ക് വെടിയേറ്റതെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ് പി വൈദ് പറഞ്ഞു. കാറില്‍ കയറാനുള്ള ശ്രമത്തിനിടെ ബൈക്കിലെത്തിയ തീവ്രവാദികള്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പായിരുന്നു ഈ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും പോലീസ് മേധാവി വ്യക്തമാക്കി.

ധൈര്യശാലിയായ മാധ്യമ പ്രവര്‍ത്തകനായിരുന്നു ഷുജാത് ബുഖാരിയെന്നും അദ്ദേഹത്ത വധിച്ചത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. കശ്മീരിലെ സത്യസന്ധമായ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമമാണ് നടന്നത്. റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയുടെ കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നു- രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ബുഖാരി വധത്തില്‍ നടക്കം രേഖപ്പെടുത്തുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും അറിയിച്ചു.

Latest