Connect with us

National

സൈനികനെ തട്ടിക്കൊണ്ടുപോയി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പുല്‍വാമ ജില്ലയില്‍ നിന്ന് പൂഞ്ച് സ്വദേശിയായ ഔറംഗസേബ് എന്നയാളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സമീര്‍ ടൈഗര്‍ എന്നറിയപ്പെടുന്ന സമീര്‍ അഹ്മദ് ഭട്ടിനെ വധിച്ച സൈനിക നീക്കത്തില്‍ പങ്കാളിയാണ് കാണാതായ ഔറംഗസേബ്. ഇദ്ദേഹം ശാദിമാര്‍ഗ് സൈനിക ക്യാമ്പിലാണ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അവിടെ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകുംവഴിയാണ് തട്ടിക്കൊണ്ടുപോകല്‍. ശാദിമാര്‍ഗിലെ ക്യാമ്പിന് സമീപത്ത് നിന്ന് സ്വകാര്യ വാഹനത്തിലായിരുന്നു ഷോപ്പിയാനിലേക്ക് ഔറംഗസേബ് പോയത്. വാഹനം കലംപോറയിലെത്തിയപ്പോള്‍ തീവ്രവാദികള്‍ വാഹനം തടഞ്ഞുനിര്‍ത്തി ഔറംഗസേബിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം. മേജര്‍ ശുക്ലയുടെ പേഴ്‌സണര്‍ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഔറംഗസേബെന്നും റിപ്പോര്‍ട്ടുണ്ട്. ഔറംഗസേബിന്റേതെന്ന തരത്തില്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ ചിത്രം പുറത്തുവിട്ടെങ്കിലും തെറ്റാണെന്ന് കണ്ട് പിന്‍വലിച്ചു.

കശ്മീരില്‍ നിരവധി ആക്രമണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടും തീവ്രവാദിയായിരുന്നു (എ പ്ലസ് പ്ലസ്) സമീര്‍ ടൈഗര്‍. പുല്‍വാമയിലെ ദ്രുവ്ഗാമില്‍ മെയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ സൈന്യം വധിച്ചത്.

Latest