‘കശ്മീര്‍ മനുഷ്യാവകാശ ലംഘനം അന്വേഷിക്കണം’ യു എന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി

Posted on: June 15, 2018 6:08 am | Last updated: June 14, 2018 at 11:56 pm
SHARE

യു എന്‍/ന്യൂഡല്‍ഹി: കശ്മീരില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ സ്വതന്ത്ര അന്താരാഷ്ട്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ. കശ്മീര്‍ ജനതയുടെ സ്വയം നിര്‍ണയാവകാശം പൂര്‍ണമായും മാനിക്കാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം ഇന്ത്യയും പാക്കിസ്ഥാനും തയ്യാറാകണമെന്നും യു എന്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ മനഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈതയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. 49 പേജ് വരുന്ന റിപ്പോര്‍ട്ട് യു എന്‍ മനുഷ്യാവകാശ സമിതിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം തള്ളി. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അബദ്ധവും പക്ഷപാതപരവും പരപ്രേരണയോടെ ഉള്ളതുമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും റിപ്പോര്‍ട്ട് ലംഘിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യു എന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയുടെ പ്രതികരണം.

യു എന്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യയെയും പാകിസ്ഥാനെയും വിമര്‍ശിക്കുന്നുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. ഭീകരവിരുദ്ധ നിയമത്തിന്റെ മറവില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം പാക്കിസ്ഥാന്‍ പീഡിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതാദ്യമായാണ് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് യു എന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 2016 ജൂലൈ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ കശ്മീരില്‍ നടന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തീവ്രവാദ സംഘടനകള്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാക് അധീന കശ്മീരിലെയും ഗില്‍ഗിത്- ബാള്‍ട്ടിസ്ഥാനിലെയും മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here