Connect with us

Kerala

ഇടിമുഴക്കത്തോടെ ആ ശബ്ദം; ഞെട്ടല്‍ മാറാതെ സമീപവാസികള്‍

Published

|

Last Updated

കോഴിക്കോട്: നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് കെ പി നാസര്‍ ഇപ്പോഴും മുക്തനായിട്ടില്ല. രാവിലെ സുബ്ഹി നിസ്‌കാരം തൊട്ടടുത്ത പള്ളിയില്‍ നിര്‍വഹിച്ച ശേഷം വീട്ടിലെത്തിയപ്പോഴാണ് ഇടിമുഴക്കത്തോടെയുള്ള ശബ്ദം കേട്ടത്. ഇതോടെ കുടുംബാംഗങ്ങളെല്ലാം വീടിന് പുറത്തിറങ്ങി നാസറിനെ കൂട്ടിപ്പിടിച്ച് നിന്നു. അപ്പോഴേക്കും കനത്ത ശബ്ദത്തോടെ കല്ലും മണ്ണും വെള്ളവും താഴേക്ക് വരുന്നത് അവര്‍ നേരില്‍ കാണുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ തന്ന രക്ഷപ്പെട്ടതിനാലാണ് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് മുഹമ്മദ് പറയുന്നു. വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ നിലവിളികളാണ് മറ്റൊരു പ്രദേശവാസിയായ മുഹമ്മദലി ഓര്‍ക്കുന്നത്. പക്ഷേ ആരെയും രക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അത്രയും കല്ലും മണ്ണും മറ്റ് അവശിഷ്ടങ്ങളും ദുരന്തം തട്ടിയെടുക്കപ്പെട്ടവരുടെ വീടിന് മുകളില്‍ പതിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിന് തയ്യാറായി. ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് പലരെയും രക്ഷപ്പെടുത്തിയത്.

കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന അഞ്ച് വീടുകളില്‍ നാല് വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. കരിഞ്ചോല ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുസലിം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശ്ശേരിപൊയില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തിന് അല്‍പ്പ സമയം മുമ്പ് വീട് മാറിയതിനാലാണ് ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 3.30ന് കരിഞ്ചോല മലയിലെ വടക്ക് ഭാഗത്താണ് വലിയ ശബ്ദത്തോടെ ആദ്യം ഉരുള്‍പൊട്ടിയത്. ഇതേതുടര്‍ന്ന് പ്രസാദും കുടുംബവും വീടിനുള്ളില്‍ കുടുങ്ങി. അഞ്ച് വയസ്സുകാരനായ ഇളയ മകനെയുമെടുത്ത് പ്രസാദും ഭാര്യയും പുറത്തിറങ്ങി. നാട്ടുകാരെത്തിയ ശേഷം ഒന്നര മണിക്കൂറിന് ശേഷമാണ് മൂത്ത മകനെ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് പുറത്തെടുത്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സഹോദരിയുടെ വീട്ടിലേക്ക് മാറി. ഇതറിഞ്ഞയുടനെയാണ് ഈര്‍ച്ച അബ്ദുറഹിമാനും കുടുംബവും വീട്ടില്‍ നിന്ന് മാറിയത്. പിന്നീട് പുലര്‍ച്ചെ അഞ്ചരോടെയാണ് മലയുടെ മറ്റൊരു ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായത്. ഇതോടെ നാല് വീടുകളും പൂര്‍ണമായും മണ്ണിനടിയിലായി.