ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Posted on: June 15, 2018 6:03 am | Last updated: June 14, 2018 at 11:45 pm
SHARE
കണ്ണൂര്‍ മാക്കൂട്ടത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡും വീടുകളും. ഇന്‍സെറ്റില്‍ മരിച്ച ശരത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. മഴ തുടരുന്നതിനാല്‍ ഓടകളും സെപ്റ്റിക് ടാങ്കുകളും നിറഞ്ഞുകവിഞ്ഞ് പൊതുനിരത്തുകളും കിണറുകളും മലിനപ്പെടാന്‍ സാധ്യതയുണ്ട്. കൊതുകുകള്‍ പെരുകുന്ന അവസരം കൂടിയാണിത്. ആഹാരാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും ശാസ്ത്രീയമായി നീക്കം ചെയ്യാന്‍ കഴിയാതെ വീട്ടുവളപ്പിലും പൊതുവഴിയോരങ്ങളിലും നിറയുന്നത് ഈച്ചയും കൊതുകും പെരുകുന്നതിന് കാരണമാകും. ജലജന്യ രോഗങ്ങളായ വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം, കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ജപ്പാന്‍ജ്വരം, മന്ത്, ജന്തുജന്യ രോഗങ്ങളായ എലിപ്പനി, സ്‌ക്രബ് ടൈഫസ്, വായുവഴി പകരുന്ന രോഗങ്ങളായ എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫഌവന്‍സ് എന്നീ രോഗങ്ങള്‍ പകരാന്‍ സാധ്യതയുള്ള സമയമാണിത്.

നാം വലിച്ചെറിയുന്ന ഉപയോഗ ശൂന്യമായ ടയറുകള്‍, ചിരട്ട, പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, മുട്ടത്തോടുള്‍പ്പെടെ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും കൊതുകിന്റെ പ്രജനന കേന്ദ്രമാകും. അതാത് ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആരോഗ്യ ജാഗ്രതാ ടീം അംഗങ്ങള്‍ വീടുകള്‍, സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമായ സാഹചര്യമൊരുക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വീടിനുള്ളിലും ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യണം. വീടിന് പുറത്ത് വെള്ളം ശേഖരിച്ച് വെച്ചിട്ടുള്ള പാത്രങ്ങളും ടാങ്കുകളുമെല്ലാം ആഴ്ചയിലൊരിക്കല്‍ ഉരച്ച് കഴുകി വൃത്തിയാക്കണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here