ഇപ്പോഴത്തെ ഉരുള്‍പൊട്ടലിന് കാരണം കൂറ്റന്‍ ജലസംഭരണി

മുപ്പത് വര്‍ഷം മുമ്പ് വഴി മാറിയ ദുരന്തം
  • 40 ലക്ഷം ലിറ്റര്‍ വെള്ളം കിട്ടുന്ന കൂറ്റന്‍ സംഭരണിയാണിവിടെ നിര്‍മിച്ചിരിക്കുന്നത്. ഇത് പൊട്ടി വെള്ളം താഴേക്ക് ഒലിച്ചിറങ്ങിയതാണ് ഇപ്പോഴത്തെ ഉരുള്‍പൊട്ടലെന്നാണ് വിലയിരുത്തപ്പെടുന്നത്
Posted on: June 15, 2018 6:02 am | Last updated: June 14, 2018 at 11:38 pm
SHARE
ദുരന്തത്തില്‍ പെട്ടവരുടെ മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്നു

കോഴിക്കോട്: 34 വര്‍ഷം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ മലയുടെ മറ്റൊരു ഭാഗത്താണ് ഇപ്പോള്‍ വീണ്ടും ഉരുള്‍പാട്ടലുണ്ടായത്. ആ നടുക്കുന്ന സംഭവം ഇപ്പോഴും നാട്ടുകാരില്‍ പലരും ഓര്‍മിക്കന്നു. അന്ന് പക്ഷേ എഴുപതോളം കുരുന്നുകള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

1984ലാണ് തുലാവര്‍ഷം പോക്കുമഴക്ക്, ഇതേ പോലൊരു പ്രഭാതത്തില്‍ പൂവന്‍മലയുടെ മൂന്ന് ഭാഗങ്ങളിലൊന്നായ കന്നൂട്ടിപ്പാറ വലിയൊരു ദുരന്തത്തിന് സാക്ഷിയായത്. മുഈനത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിക്ക് കീഴഇലുള്ള മദ്‌റസയിലേക്ക് കുട്ടികള്‍ എത്തുന്ന സമയമായിരുന്നു അത്. രാവിലെ 7.30 ഓടെ മദ്‌റസ ആരംഭിക്കും. ഏഴ് മണിക്ക് ഉസ്താദുമാര്‍ മദ്‌റസ തുറന്ന ശേഷം 7.15 മുതലാണ് കുട്ടികള്‍ എത്തിത്തുടങ്ങുക. എന്നാല്‍ 6.45 ഓടെയാണ് നാട്ടുകാരെ നടുക്കി ഉരുള്‍പൊട്ടല്‍ ഉണ്ടായത്. കാല്‍ മണിക്കൂറിന് ശേഷമായിരുന്നു ഈ ഉരുള്‍പൊട്ടലുണ്ടാകുന്നതെങ്കില്‍ വലിയൊരു ദുരന്തത്തിനാകുമായിരുന്നു കേരളം സാക്ഷ്യം വഹിക്കുമായിരുന്നത്. എന്നാല്‍ തലനാരിഴക്ക് അത് വഴിമാറിയത് കൊടശ്ശേരി പൊയില്‍ മുഹമ്മദ് ഇപ്പോഴും ഓര്‍ക്കുന്നു. ഉരുള്‍പൊട്ടലില്‍ പക്ഷേ മദ്‌റസയുടെ മുഴുവന്‍ ഭാഗവും കുത്തിയൊലിച്ച് പോയി.

ഇതോടനുബന്ധിച്ചുള്ള പള്ളിയുടെ മൂത്രപ്പുരയുടെ ഭാഗം തകര്‍ന്നു. വന്‍കൃഷി നാശമുണ്ടായി. ഈ സംഭവത്തില്‍ പരുക്കേറ്റ കക്കാട്ടുമ്മല്‍ അബ്ദുല്ല കുട്ടി കുറേ ദിവസം ആശുപത്രിയില്‍ കിടന്നു. ഇതിന് ശേഷം എല്ലാവര്‍ഷവും മഴ കനക്കുമ്പോള്‍ മലയുടെ താഴ്‌വാരത്തുള്ളവരെ മദ്‌റസയിലേക്ക് മാറ്റുന്നത് പതിവാണെന്ന് മുഹമ്മദ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ദുരന്തമുണ്ടായ കരിഞ്ചോലമല കന്നൂട്ടിപ്പാറയുടെ മറ്റൊരു ഭാഗത്താണ്. ഇവിടെ തീരെ അപകട സാധ്യത കുറഞ്ഞ മേഖയാണെന്ന് മുഹമ്മദ് പറയുന്നു. അതേസമയം സ്വകാര്യ വ്യക്തികള്‍ നിര്‍മിച്ച കൂറ്റന്‍ ജലസംഭരണിയാണ് ഇന്നലെയുണ്ടായ ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 40 ലക്ഷം ലിറ്റര്‍ വെള്ളം കിട്ടുന്ന കൂറ്റന്‍ സംഭരണിയാണിവിടെ നിര്‍മിച്ചിരിക്കുന്നത്. ഇത് പൊട്ടി വെള്ളം താഴേക്ക് ഒലിച്ചിറങ്ങിയതാണ് ഇപ്പോഴത്തെ ഉരുള്‍പൊട്ടലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ നിര്‍മാണഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നുവെങ്കിലും നാട്ടുകാരെ വിശ്വസിപ്പിക്കാനായി ഇവിടെ ഒരു ഫാമാണ് തുടങ്ങാന്‍ പോകുന്നതെന്നായിരുന്നു സ്വകാര്യ വ്യക്തികള്‍ അറിയിച്ചിരുന്നത്. ഇവിടേക്ക് റോഡും പണിതിരുന്നു.

മലപ്പുറം ഭാഗത്തുള്ള സ്വകാര്യ വ്യക്തികളാണ് ഇത്തരത്തില്‍ ഇവിടെ കൂറ്റന്‍ ജലസംഭരണ നിര്‍മിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതേ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വലിയൊരു ജലസംഭരണി പണിതതാണ് ദുരന്തത്തിന്റെ ആഴം കൂട്ടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here