Connect with us

Kerala

കണ്ണീര്‍ മഴ...

Published

|

Last Updated

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കരിഞ്ചോലയില്‍ സലീമിന്റെ വീടിന്റെ അവശിഷ്ടങ്ങള്‍

താമരശ്ശേരി: നാടിനെ പിടിച്ചുകുലുക്കിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഈര്‍ച്ച അബ്ദുര്‍റഹ്മാനും കുടുംബവും നെടുവീര്‍പ്പോടെയാണ് ആ രാത്രിയെ കുറിച്ചോര്‍ക്കുന്നത്. നിയോഗം പോലെ ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ മാത്രം രക്ഷപ്പെടുകയായിരുന്നു അബ്ദുര്‍റഹ്മാനും കുടുംബവും.
കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും നാടിന് സമ്മാനിച്ചത് കണ്ണീരില്‍ കുതിര്‍ന്ന പെരുന്നാള്‍. ഈദ് ആഘോഷത്തിനുള്ള തയ്യാറെടുപ്പിനിടെയാണ് ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തിയത്. ഇന്നലെ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് പൂര്‍ണമായും തകര്‍ന്നടിഞ്ഞത്. കരിഞ്ചോലയില്‍ അബ്ദുറഹിമാന്‍, അബ്ദുസ്സലീം, ഹസ്സന്‍, ഈര്‍ച്ച അബ്ദുറഹിമാന്‍, സമീപവാസി പ്രസാദ് എന്നിവരുടെ വീടുകളാണ് പൂര്‍ണമായും ഒലിച്ചുപോയത്. വീടുകള്‍ നിന്ന സ്ഥാനത്ത് കൂറ്റന്‍ പാറക്കല്ലുകളും ചപ്പുചവറുകളും ചെളിയും മാത്രമാണ് കാണാന്‍ കഴിയുന്നത്. റമസാനിന്റെ അവസാന ദിനത്തിലാണ് ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തം തേടിയെത്തിയത്. ഓടിയെത്തിയ നാട്ടുകാര്‍ സലീമിനെയും ഭാര്യ സറീന, മകന്‍ മുഹമ്മദ് ഷമ്മാസ് എന്നിവരെയും രക്ഷപ്പെടുത്തി താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചു.

ബാക്കിയായ പാത്രങ്ങളും കളിപ്പാട്ടങ്ങളും

മണിക്കൂറുകള്‍ക്ക് ശേഷമാണ് സലീമിന്റെ മകള്‍ ദില്‍ന ഷെറിനെ കണ്ടെത്താനായത്. താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീടാണ് ഇളയ മകന്‍ മുഹമ്മദ് ഷഹബാസിന്റെയും അയല്‍വാസി അബ്ദുറഹിമാന്റെയും മയ്യിത്ത് കണ്ടെത്തിയത്.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനിടെ അഞ്ച് മയ്യിത്തുകള്‍ കൂടി കണ്ടെത്തി. ഏക്കര്‍ കണക്കായ പ്രദേശത്ത് ചെളിയും പാറക്കല്ലുകളും അടിഞ്ഞുകൂടിയത് തിരച്ചിലിന് പ്രയാസം സൃഷ്ടിച്ചു. നിര്‍ത്താതെ പെയ്ത മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ഏത് നിമിഷവും താഴേക്ക് പതിച്ചേക്കാവുന്ന കൂറ്റന്‍ പാറക്കല്ലുകളും കുത്തിയൊലിക്കുന്ന മലവെള്ളവും വകവെക്കാതെയാണ് ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധ പ്രവര്‍ത്തകരും കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയത്. ബാക്കിയുള്ള ഏഴ് പേരെ ജീവനോട് തിരിച്ചു കിട്ടില്ലെന്ന ഭീതിയിലാണ് നാട്ടുകാര്‍.

വൈകിട്ടോടെ തൃശൂരില്‍ നിന്നും ദുരന്ത നിവാരണ സേനയെത്തി തിരച്ചിലിന് നേതൃത്വം നല്‍കിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം രാത്രി ഏഴ് മണിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പെരുന്നാള്‍ ദിനമായ ഇന്നും കാണാതായ ഏഴ് പേര്‍ക്കായി തിരച്ചില്‍ നടക്കും.

---- facebook comment plugin here -----

Latest