Connect with us

Editorial

മതമൈത്രിയുടെ ഈദും ഇഫ്താറുകളും

Published

|

Last Updated

റമസാനില്‍ വ്രതമനുഷ്ഠിച്ചു മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഇതര സമുദായക്കാരുടെ എണ്ണം കേരളത്തില്‍ ഓരോ വര്‍ഷവും കൂടിവരികയാണ്. രണ്ടാഴ്ച മുമ്പ് മലപ്പുറം പുത്തനത്താണി പുന്നത്തല വിഷ്ണു ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാദിനത്തിലെ മുഖ്യചടങ്ങുകളിലൊന്ന് നോമ്പ് തുറയായിരുന്നു. ക്ഷേത്രക്കമ്മിറ്റിയും ഹൈന്ദവ സുഹൃത്തുക്കളും ചേര്‍ന്നു സംഘടിപ്പിച്ച വിപുലമായ നോമ്പുതുറയില്‍ നാനാജാതി മതസ്ഥരായ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. 30 വര്‍ഷത്തോളമായി നോമ്പനുഷ്ഠിക്കുകയും വീട്ടില്‍ വിപുലമായ നോമ്പുതുറ സംഘടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മലപ്പുറം വളാഞ്ചേരി സ്വദേശി പ്രഭാകരന്‍. ഇഫ്താറിനോടനുബന്ധിച്ച് തന്റെ വീട്ടില്‍ മഗ്‌രിബ് നിസ്‌കാരത്തിനുള്ള സൗകര്യവും അദ്ദേഹം ഒരുക്കാറുണ്ട്. കുന്നംകുളം കളശ്ശമല ആര്യലോക് മഠാധിപതി ആര്യമഹര്‍ഷി, കൊയിലാണ്ടി ചെങ്ങോട്ട് കാവ് ക്ഷേത്രത്തിലെ പൂജാരി ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങി നൂറുകണക്കിന് ഇതര മതസ്ഥരാണ് റസമാനില്‍ വ്രതമനുഷ്ഠിക്കുന്നത്. മുസ്‌ലിംകളുടെ ഈദുല്‍ ഫിത്വര്‍ വിരുന്നുകളിലും വ്യാപകമാണ് സഹോദര സമുദായങ്ങളുടെ പങ്കാളിത്തവും ആതിഥ്യവും.

ഉത്തരേന്ത്യയില്‍; ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഭൂമിയില്‍ മുസ്‌ലിംകള്‍ നടത്തിവരുന്ന ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്തുകയും പശുവിനെ ചൊല്ലി നിരപരാധികളെ നിഷ്ഠൂരമായി തല്ലിക്കൊല്ലുകയും കാലങ്ങളായി രാഷ്ട്രപതി ഭവനില്‍ നടന്നുവരുന്ന ഇഫ്ത്വാര്‍ മീറ്റ് നിര്‍ത്തലാക്കുകയും ചെയ്ത വാര്‍ത്തകള്‍ക്കിടെയാണ് കേരളത്തിലെ ഹൈന്ദവ സുഹൃത്തുക്കളുടെ മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും വാര്‍ത്തകള്‍ പുറത്തുകൊണ്ടു വരുന്നത്. വിഷലിപ്തമായ പ്രസ്താവനകളിലൂടെയും ആസൂത്രിത പ്രവര്‍ത്തനങ്ങളിലൂടെയും ശ്രമം നടത്തിയിട്ടും കേരളത്തിലെ മതമൈത്രി തകര്‍ക്കാന്‍ അതൊന്നും ഫലം ചെയ്തിട്ടില്ലെന്നും കേരളീയ സമൂഹത്തിന്റെ മതേതര മനസ്സിന് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങളും ഐക്യദാര്‍ഢ്യവുമെല്ലാം.

പരസ്പരം കൊണ്ടും കൊടുത്തും ഐക്യത്തോടെയും സഹോദരതുല്യവും ജീവിച്ചു വരുന്നവരാണ് കേരളത്തിലെ എല്ലാ മതവിഭാഗക്കാരും. അതിരുകളില്ലാത്ത മതസൗഹാര്‍ദത്തിന്റെ കഥകളാണ് ഇക്കാലമത്രയും അവര്‍ക്ക് പറയാനുള്ളത്. മുസ്‌ലിം സംസ്‌കാരത്തിന്റെ പുരോഗതിക്ക് ഹൈന്ദവനായ സാമൂതിരി രാജാവ് വളരെയേറെ സഹായിച്ചിട്ടുണ്ട്. കുറ്റിച്ചിറയിലെ മുച്ചുന്തിപ്പള്ളിയിലെ വട്ടെഴുത്ത് ലിഖിതത്തില്‍ പള്ളിക്ക് സാമൂതിരി നല്‍കിയ സാമ്പത്തിക സഹായത്തെകുറിച്ച് രേഖപ്പെടുത്തിയതായി കാണാം. ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരായിരുന്നു സാമൂതിരിയുടെ പടനായകന്‍. കടലില്‍ ധീരതയുട വീരഗാഥകള്‍ രചിച്ച കുഞ്ഞാലിമാരെ സംബന്ധിച്ചു വടക്കന്‍ പാട്ടുകളിലും പരാമര്‍ശമുണ്ട്. മതമൈത്രിയുടെ സന്ദേശങ്ങള്‍ വിളിച്ചോതുന്നു ഈ ചരിത്രങ്ങള്‍.

മലപ്പുറം ജില്ലാ രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ സംഘ്പരിവാര്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള സംഘടിത നീക്കങ്ങള്‍ ആരംഭിച്ചത്. അയോധ്യ പ്രശ്‌നത്തിന്റെ പേരില്‍ അത് ആളിക്കത്തിക്കാനും വര്‍ഗീയ കലാപം സൃഷ്ടിക്കാനുമുള്ള ശ്രമവും നടന്നു. മുസ്‌ലിം സമൂഹവും മതേതര വിശ്വാസികളും സമചിത്തതയോടെ നേരിട്ടതിനാല്‍ സംഘ്പരിവാറിന്റെ ഹിഡന്‍ അജന്‍ഡ നടപ്പായില്ല. സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകളില്‍ അകപ്പെടുന്നവരല്ല കേരളത്തിലെ ഹൈന്ദവ സഹോദരങ്ങളെന്നാണ് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരുന്നത്. ഇതര മതസ്ഥരോട് സൗഹാര്‍ദം കാണിച്ചാല്‍ പോരാ, നന്മയുടെ അടിസ്ഥാനത്തില്‍ ചേര്‍ത്തു പിടിക്കുകയും വേണം. അതിന് വിഘാതമാകുന്ന മുന്‍വിധികളെ ഒഴിവാക്കണം. പലരും സഹോദര സമുദായക്കാരെ നോക്കുന്നത് സംശയത്തോടെയും മുന്‍വിധിയോടെയുമാണ്. പരസ്പരം സഹകരിക്കുന്നത് അത്തരം സന്ദേഹങ്ങളെ അകറ്റാന്‍ സഹായകമാണ്. അവരവരുടെ വിശ്വാസങ്ങളും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇതൊക്കെ നിര്‍വഹിക്കാവുന്നതേയുള്ളൂ. പരമ്പരാഗതമായി സമുദായങ്ങള്‍ പങ്കുവെച്ച സ്‌നേഹ വിശ്വാസങ്ങളില്‍ നിന്നാണ് അടിയുറച്ച മതമൈത്രി ഉടലെടുക്കുന്നതെന്ന് പ്രശ്‌സത സാഹിത്യകാരന്‍ കെ പി രാമനുണ്ണി പൊന്നാനി ജീവിതകാലത്തെ തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി പറയുന്നുണ്ട്. അയല്‍വാസികളായ മുസ്‌ലിം കുടുംബങ്ങളില്‍ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവായ്പുകളും ഇഫ്താറുകളില്‍ പങ്കെടുത്തതിന്റെ മധുരിക്കുന്ന ഓര്‍മകളും പലപ്പോഴും അദ്ദേഹം അയവിറക്കിയിട്ടുണ്ട്. അത്തരം സ്‌നേഹനിര്‍ഭരമായ സാമൂഹിക അന്തരീക്ഷങ്ങളിലേക്കും ബന്ധങ്ങളിലേക്കുമുള്ള തിരിച്ചുപോക്കാണ് നാടിന്റെ സമാധാനവും സൗഹാര്‍ദാന്തരീക്ഷവും നിലനിര്‍ത്താനുള്ള നല്ല മാര്‍ഗം. ഈദാഘോഷവും അതിനുള്ള അവസരമാകട്ടെ.

Latest