ചെങ്ങന്നൂരും പിണറായിയുടെ പ്രതിച്ഛായയും

പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായതിന് ശേഷവും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചുനില്‍ക്കുകയോ ഞഞ്ഞാപിഞ്ഞാ പറഞ്ഞൊഴിഞ്ഞുമാറുകയോ ചെയ്യുന്ന പ്രകൃതമല്ല പിണറായിയുടെ. ചോദ്യങ്ങള്‍ക്കു നല്ല വടിവൊത്ത ഭാഷയില്‍ കൃത്യമായും മിതമായും ഉത്തരം പറഞ്ഞു പിന്‍വാങ്ങുന്ന അദ്ദേഹത്തോട് മാധ്യമങ്ങള്‍ക്കു കലിപ്പുണ്ടാവുക സ്വാഭാവികം. കാരണം പിണറായിയുടെ ഉത്തരങ്ങളെ പിടിച്ചുകയറി വാര്‍ത്തകള്‍ മെനഞ്ഞെടുത്തു സ്വന്തം മാധ്യമങ്ങളുടെ റേറ്റിംഗ് വര്‍ധിപ്പിക്കുക അത്ര എളുപ്പമല്ല. ഇതുകൊണ്ടാകാം മറ്റേതൊരു നേതാവിനെക്കാളും മാധ്യമവേട്ടക്കു ഇരയാകാന്‍ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് വിധിക്കപ്പെട്ടിരിക്കുന്നത്.
Posted on: June 15, 2018 6:00 am | Last updated: June 14, 2018 at 11:25 pm

ശവസംസ്‌കാര സ്ഥലത്ത് ചെന്നാല്‍ ശവമായും വിവാഹ വീട്ടില്‍ ചെന്നാല്‍ വരനായും ക്യാമറക്കു മുമ്പില്‍ ഇടിച്ചു കയറി ഇളിച്ചുകാണിക്കുകയും വിഡ്ഢിച്ചിരി ചിരിച്ചു തന്നിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്ക് ഒരപവാദമാണ് പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായതിന് ശേഷവും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയോ ഞഞ്ഞാപിഞ്ഞാ പറഞ്ഞൊഴിഞ്ഞുമാറുകയോ ചെയ്യുന്ന പ്രകൃതമല്ല അദ്ദേഹത്തിന്റെത്. ചോദ്യങ്ങള്‍ക്കു നല്ല വടിവൊത്ത ഭാഷയില്‍ കൃത്യമായും മിതമായും ഉത്തരം പറഞ്ഞു പിന്‍വാങ്ങുന്ന പിണറായിയോട് മാധ്യമങ്ങള്‍ക്കു കലിപ്പുണ്ടാവുക സ്വാഭാവികം. കാരണം പിണറായിയുടെ ഉത്തരങ്ങളെ പിടിച്ചുകയറി വാര്‍ത്തകള്‍ മെനഞ്ഞെടുത്തു സ്വന്തം മാധ്യമങ്ങളുടെ റെയിറ്റിംഗ് വര്‍ധിപ്പിക്കുക അത്ര എളുപ്പമല്ല. ഇതുകൊണ്ടാകാം മറ്റേതൊരു നേതാവിനെക്കാളും മാധ്യമവേട്ടക്കു ഇരയാവാന്‍ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് വിധിക്കപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയായിലും പിണറായി വധം ആട്ടക്കഥ, നിര്‍ബബാധം തുടരുകയാണ്. ഇത്തരം വ്യക്തിഹത്യകളില്‍ അഭിരമിക്കുന്ന വികൃതമനസ്സുകള്‍ക്ക്; അഡ്വ. ജയശങ്കറിന്റെ തന്നെ ഭാഷയില്‍ നല്ല നമസ്‌കാരം പറയുന്നു.

പണ്ടൊരു തിരഞ്ഞെടുപ്പുകാലത്തായിരുന്നല്ലോ പിണറായിയുടെ വീടാണെന്ന് പറഞ്ഞു ഒരു ഗള്‍ഫ്കാരന്റെ വീടിന്റെ പടം കൊടുത്ത് ദുഷ്പ്രചാരത്തിന് ചിലര്‍ പരിശ്രമിച്ചത്. ആയിരകണക്കിന് ലൈക്കുകളും ഷെയറുകളും ആണ് ആ വ്യാജ വാര്‍ത്തക്കു ലഭിച്ചത്. സത്യമറിയാവുന്ന ഏതെങ്കിലും ദൃശ്യമാധ്യമങ്ങളോ അച്ചടിമാധ്യമങ്ങളോ ഇതു തെറ്റാണെന്ന് തെളിയിക്കുന്ന പിണറായിയുടെ യഥാര്‍ഥ വീടിന്റെ ചിത്രം കൊടുത്ത് വ്യാജവാര്‍ത്തയുടെ ഉറവിടം തെളിയിക്കാന്‍ മിനക്കെട്ടു കണ്ടില്ല. മറ്റുപണിയൊന്നും വശമില്ലാത്ത അലസജീവികള്‍ ഇപ്പോഴും മൊബൈല്‍ഫോണില്‍ കുത്തി ഇത്തരം വാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ അടുത്ത നാളുകളില്‍ അവിടവിടെ സംഭവിച്ച ചില ഒറ്റപ്പെട്ട സംഭവങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതിനപ്പുറം പിണറായി സര്‍ക്കാറിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള ഒരു പാഴ് വേലയിലായിരുന്നു മിക്ക മാധ്യമങ്ങളും ഏര്‍പ്പെട്ടത്. ഇതിലാവേശംപൂണ്ട പ്രതിപക്ഷകക്ഷികള്‍ ഒട്ടും വൈകാതെ ഉണ്ണാവ്രതവും ഹര്‍ത്താലുമൊക്കെ നടത്തി. എല്ലാം പാഴായി. ചെങ്ങന്നൂരെ ജനകീയകോടതി വിചാരണകളെല്ലാം കേട്ടു. ഒടുവില്‍ വിധിപറഞ്ഞു. പരാജയം പ്രതീക്ഷിച്ചതിലപ്പുറം ആയപ്പോള്‍ ചെങ്ങന്നൂരെ വോട്ടര്‍മാരെ വര്‍ഗീയവാദികളെന്നാക്ഷേപിക്കുകയാണവര്‍.

വടക്കേമലബാറിലേതു പോലെ പാര്‍ട്ടി ഗ്രാമങ്ങളോ മലപ്പുറത്തേത് പോലെ സാമുദായിക ഗ്രാമങ്ങളോ ചെങ്ങന്നൂര്‍ ഉള്‍പ്പെട്ട മധ്യതിരുവിതാംകൂറിലൊരിടത്തും ഇല്ല. അവിടെ എല്ലാ പാര്‍ട്ടികളും മത-ജാതി സമുദായങ്ങളും ഇടകലര്‍ന്ന് താമസിക്കുന്നു. കുരിശടികളും കൂറ്റന്‍പള്ളികളും എന്നതുപോലെ തന്നെ ഹിന്ദുക്ഷേത്രങ്ങളും ഗുരുദേവപ്രതിമകളും മന്നം പ്രതിമകളും ഗുരുമന്ദിരങ്ങളും കരയോഗ കെട്ടിടങ്ങളും അയ്യപ്പസേവാകേന്ദ്രങ്ങളും മുട്ടിന് മുട്ടിന് തല ഉയര്‍ത്തി നില്‍ക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല പരസ്പരം പോര്‍വിളിച്ച് അങ്കക്കലിപൂണ്ട് നില്‍ക്കുന്ന മെത്രാന്മാരുടേയും ധ്യാനഗുരുക്കന്മാരുടേയും അത്ഭുത രോഗശാന്തി വില്‍ക്കുന്ന സുവിശേഷ പ്രസംഗകന്മാരുടേയും ഫഌക്‌സ് ബോര്‍ഡുകള്‍ നിരന്നു നില്‍ക്കുന്നു. സാമ്പത്തികമായി ഇടത്തരക്കാരും പണം ചുരത്തുന്ന എന്‍ ആര്‍ ഐ അക്കൗണ്ടുകളുടെ ഉടമസ്ഥരും ആണ് അധികവും. ഇത്തരക്കാരുടെ സമ്പന്നതയില്‍ പങ്കുപറ്റി തിന്നുക, കുടിക്കുക, ആനന്ദിക്കുക ഇതിനപ്പുറം ജീവിതത്തിന് മറ്റൊരര്‍ഥവും ഇല്ലെന്ന് വിശ്വസിക്കുന്ന അടിത്തട്ടു മനുഷ്യരും ഒട്ടും കുറവല്ല. അവഗണിക്കപ്പെടുന്ന വാര്‍ധക്യവും വര്‍ധിച്ചു വരുന്ന ആയുസ്സും ശാപമായി കരുതുന്ന വൃദ്ധന്മാരും വൃദ്ധകളും ഒടുവില്‍ എത്തിച്ചേരുന്ന സ്‌നേഹമന്ദിരങ്ങളും പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളും ജീവകാരുണ്യ പ്രവര്‍ത്തനം ഒരു ജോലിയായി സ്വീകരിച്ച മതസാമൂഹിക രംഗത്തെ പ്രവര്‍ത്തകരും ഒക്കെയാണ് മറ്റേതൊരു മധ്യതിരുവിതാംകൂര്‍ നാട്ടിന്‍പുറങ്ങളേയും എന്നതുപോലെ ചെങ്ങന്നൂരിനേയും ശ്രദ്ധേയമാക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ഇടതുപക്ഷ രാഷ്ട്രീയം വേരുപിടിക്കുക അത്ര എളുപ്പമല്ല.

സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസ് വിരോധികളായിരുന്നവര്‍, സ്വാതന്ത്ര്യാനന്തരം ഗാന്ധിതൊപ്പിയിലേക്കും ഖദര്‍ വസ്ത്രങ്ങളിലേക്കും ആകൃഷ്ടരായി. തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൃത്യമായി വോട്ടുചെയ്തു. ഫ്യൂഡലിസത്തിന്റെ പ്രേതബാധയില്‍ നിന്നും മുക്തരായിട്ടില്ലാത്ത നാട്ടുപ്രമാണിമാര്‍ പ്രാദേശിക രാഷ്ട്രീയത്തിലൂടെ തങ്ങളുടെ നഷ്ടപ്രതാപം വിണ്ടെടുക്കാന്‍ ശ്രമിക്കുന്നു. ഇതെക്കാലത്തും ഇങ്ങനെയങ്ങ് പൊയ്‌ക്കോളും എന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും കണക്കുകൂട്ടിയിരുന്നത്. തീവ്ര ഹിന്ദുത്വത്തിനെതിരെ മൃദുഹിന്ദുത്വവും സമുദായ വഴക്കുകളില്‍ ഇരുഭാഗത്തും സാന്നിധ്യവും, സമുദായാധ്യക്ഷന്മാരുടെ എഴുന്നള്ളത്തുകളിലും ആശീര്‍വാദ പ്രകടനങ്ങളിലും കണ്ണടച്ചും, തലകുനിച്ചും നിന്നുകൊടുക്കിലും ഇതുകൊണ്ടു മാത്രം ജയിച്ചുകയറാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് പിഴച്ചത്.

ജാതിമത സമവാക്യങ്ങളെ പ്രീണിപ്പിച്ചുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണതന്ത്രങ്ങളും മാത്രം ശീലിച്ചുപ്പോന്നവരാണിപ്പോള്‍ സജി ചെറിയാന്റെ വിജയത്തിന്റെ തിളക്കം കുറക്കാന്‍ ഇടതുപക്ഷത്തിന്മേല്‍ വര്‍ഗീയത ആരോപിക്കുന്നത്. കോണ്‍ഗ്രസുകാര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍ എസ് എസും ആണെന്ന് പറഞ്ഞത് മറ്റാരുമല്ല, സാക്ഷാല്‍ എ കെ ആന്റണിയാണ്. ആ നിലക്കു ഇന്ത്യയിലാകെ ഉയര്‍ന്നുവരുന്ന ഹിന്ദുത്വരാഷ്ട്രീയത്തെ കേരളത്തില്‍ പിടിച്ചുകെട്ടാന്‍ പ്രാപ്തിയുള്ളത് ഇടതുപക്ഷത്തിനാണെന്ന് ചെങ്ങന്നൂരെ വിവിധ ജാതിസാമുദായിക ശക്തികള്‍ തിരച്ചറിഞ്ഞെങ്കില്‍ അതില്‍ എന്തു വര്‍ഗീയതയാണ് ഉള്ളത്? സജിചെറിയാനു ലഭിച്ച മൊത്തം വോട്ടുകളുടെ എണ്ണം എടുത്താല്‍ ഭൂരിപക്ഷവും ഹിന്ദുവോട്ടുകളാണ്. ഇതില്‍ നല്ല പങ്കും ഏറെക്കാലമായി ഇടതുപക്ഷത്തുറച്ച രാഷ്ട്രീയ വോട്ടുകളാണ്. അന്തിമ വിജയം തീരുമാനിക്കുക ഇത്തരം ഉറച്ച രാഷ്ട്രീയ വോട്ടുകളായിരിക്കുകയില്ല. സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് അപ്പുറത്തേക്കും ഇപ്പുറത്തേക്കും മറിയാന്‍ സാധ്യതയുള്ള മിച്ചവോട്ടുകളാണ്. ഇത്തരം വോട്ടുകളാണ് ജനാധിപത്യത്തിന്റെ കരുതല്‍ ധനം. ആ വോട്ടുകള്‍ ഇത്തവണ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും എന്തിന് ബൂത്തുകളില്‍പ്പോലും ഇടതുപക്ഷത്തിന് അനുകൂലമായ ഭൂരിപക്ഷം സമ്മാനിച്ചിരിക്കുന്നു. ഇതില്‍ വര്‍ഗീയത ആരോപിക്കുന്നത് ശുദ്ധഅസംബന്ധമാണ്. യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആര്‍ എസ് എസ് ബന്ധം ഉള്ള ആളാണെന്നു കോടിയേരി പ്രസംഗിച്ചു എന്നാണ് പറയുന്നത്. വെറും ഒരു അയ്യപ്പസേവാ സംഘക്കാരനായ സ്ഥാനാര്‍ഥിയെ ആര്‍ എസ് എസുകാരന്‍ എന്നു വിളിച്ചു എന്നാണാക്ഷേപം. വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു പണ്ടു നമ്മുടെ ഒരു കവി ചോദിച്ചില്ലേ. അതുപോലൊരു ചോദ്യമായിപ്പോയി ഇത്. അയ്യപ്പസേവാ സംഘത്തില്‍ നിന്നും ആര്‍ എസ് എസ് ശാഖയിലേക്കത്ര ഒന്നും ദൂരം ഇല്ലെന്നാര്‍ക്കാണറിയാത്തത്. ബി ജെ പി പാളയത്തിലേക്കൊഴുകാന്‍ സാധ്യതയുള്ള വോട്ടുകളെ തടുത്തു നിറുത്താനാണ് ഈക്കുറി കോണ്‍ഗ്രസ് അഡ്വ. വി വിജയകുമാറിനെ സ്ഥാനാര്‍ഥിപ്പട്ടം കെട്ടി അവതരിപ്പിച്ചത്.

സജി ചെറിയാന്‍ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിലേറെയായി അറിയപ്പെടുന്ന ഒരു കമ്യൂണിസ്റ്റ് നേതാവാണ്. ഒരു കാല് സമുദായസംഘടനയിലും മറ്റേക്കാല് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടിയിലും ഉറപ്പിച്ചു കൊണ്ടു പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ പൊതുവേ കമ്യൂണിസ്റ്റുപാര്‍ട്ടികളില്‍ കുറവാണ്. സജിചെറിയാന്‍ കേരളത്തിലെ തീരെ ചെറിയ ഒരു ന്യൂനപക്ഷ സഭാവിഭാഗമായ സി എസ് ഐ വിഭാഗത്തില്‍പ്പെട്ടയാളാണ്. അവരെല്ലാം തന്നെ പൊതുവില്‍ കോണ്‍ഗ്രസുകാരായി അറിയപ്പെടുന്നവരാണ്. ബ്രിട്ടീഷുകാര്‍ ഭരിച്ചകാലത്ത് അവരുടെ ഔദ്യോഗിക സഭാവിഭാഗമായിരുന്നു അത്. ഇംഗ്ലീഷ് മിഷനറിമാരുടെ പ്രേരണയാല്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നു മതപരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനികളായവരാണ് ഇന്നത്തെ സി എസ് ഐ, സി എന്‍ ഐ വിഭാഗത്തിലെ ഭൂരിഭാഗവും. ചെങ്ങന്നൂരില്‍ മാത്രമല്ല കേരളത്തിലൊരിടത്തും ഇവരൊരു രാഷ്ട്രീയ ശക്തിയല്ല. ചെങ്ങന്നൂരില്‍ കൂടിയാല്‍ മൂവായിരത്തില്‍ താഴെ മാത്രമാണിവരുടെ സംഖ്യ. ഇവരുടെ വോട്ടു പ്രതീക്ഷിച്ചായിരിക്കില്ല ഇടതുപക്ഷം സജിചെറിയാനെ സ്ഥാനാര്‍ഥിയാക്കിയത്.

ഇനി അവശേഷിക്കുന്നത് ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗമാണ്. ഇത് രണ്ടും രണ്ട് സമുദായങ്ങളാണെന്ന വാദം സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. ഒടുവിലെ സുപ്രീം കോടത വിധി പ്രകാരം ഇങ്ങനെ രണ്ട് സഭകള്‍ കേരളത്തില്‍ നിലവിലില്ല. മലങ്കര സുറിയാനി സഭ എന്ന ഏക സഭയിലെ രണ്ട് ഗ്രൂപ്പുകള്‍ മാത്രമാണിവര്‍. അതായത് ഓര്‍ത്തഡോക്‌സുകാരെല്ലാം യാക്കോബായക്കാരാണ്. യാക്കോബായക്കാരെല്ലാം ഓര്‍ത്തഡോക്‌സുകാരാണ് എന്ന് ചുരുക്കം. കോടതിവിധിയും സഭാചരിത്രവും ഈക്കാര്യം അടിവരയിട്ടു പറയുന്നു. എന്നിട്ടും ഇടക്കിടെയുണ്ടാകുന്ന ചില കോടതിവിധികള്‍ ഉയര്‍ത്തിക്കാട്ടി ജനഹിതം മറികടന്നു കോടതിവിധി നടത്തി കൊടുക്കാന്‍ പോലീസിനെ വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി മന്ത്രി മന്ദിരങ്ങള്‍ കയറി ഇറങ്ങുന്ന മെത്രാന്മാര്‍ക്കു താത്പര്യം സമാധാനം ഉണ്ടാകുന്നതിലല്ല അവരുടെ ഭദ്രാസനങ്ങളുടെ ഭദ്രത ഉറപ്പു വരുത്തുന്നതിലാണ്. ഒരു ഉമ്മന്‍ചാണ്ടിയോ ഒരു പിണറായി വിജയനോ നിരൂപിച്ചാല്‍ നടക്കുന്ന കാര്യവും അല്ലിത്. ഇതു മനസ്സിലാക്കിയാണ് പിണറായി വിഘടിത വിഭാഗത്തിന്റെ പാത്രയാര്‍ക്കീസിനെ ലബനോനില്‍ നിന്നു തിരുവനന്തപുരത്തു ക്ഷണിച്ചു വരുത്തിയതും ഒരുമിച്ചു പ്രഭാത ഭക്ഷണം കഴിച്ചതും. ഇരുവിഭാഗവും പേരിനെങ്കിലും തങ്ങളുടെ ആത്മീയ രക്ഷാധികാരി (ുെശൃശൗേമഹ ുമൃേീി) എന്നംഗീകരിക്കുന്ന പാത്രിയര്‍ക്കിസ് ഇക്കാര്യത്തില്‍ പരസ്പര ചര്‍ച്ചക്കെടുത്ത മുന്‍കൈ മറുഭാഗം നിഷ്‌കരുണം നിരസിക്കുകയും പാത്രിയര്‍ക്കിസ് ബാവ വന്നതുപോലെ മടങ്ങിപോകുകയും ചെയ്തു. ഇതിന്റെ പേരില്‍ കേരളത്തിലെ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ വോട്ടും കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി വിലക്കു വാങ്ങിച്ചു എന്നു പറയുന്നത് തനി അസംബന്ധമല്ലാതെ എന്താണ്?

ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം ആര് നിരൂപിച്ചാലും അതിങ്ങനെ തുടരും. പള്ളിപിടുത്തവും സെമിത്തേരി കൈയേറ്റവും മെത്രന്മാരുടെ ഉപവാസപ്രാര്‍ഥനയും ഒക്കെ ഇനിയും നടക്കും. ഇവരിങ്ങനെ ഭിന്നിച്ചു നില്‍ക്കുന്നതുകൊണ്ടാര്‍ക്കും ഒരു ദോഷവും സംഭവിക്കാനിടയില്ല. മറിച്ചു വിശ്വാസികള്‍ക്കിതു നല്ലതുമാണ്. അടുത്തടുത്ത ഒരേ വിശ്വസം പുലര്‍ത്തുന്ന പള്ളികള്‍ ഒന്നില്‍ നിന്നു പിണങ്ങിയാല്‍ മറ്റേതില്‍ ചേക്കേറാം. ന്യൂനപക്ഷാവകാശം പറഞ്ഞു വേറെവേറെ സ്‌കൂളുകളും കോളജുകളും നേടാം. നിയമനത്തിനു കോഴ വാങ്ങാം. സെമിനാരികള്‍ ഒന്നിനു പകരം രണ്ട്. ഇഷ്ടം പോലെ.. അച്ചന്മാര്‍. കെട്ടുകല്ല്യാണത്തിനും ശവസംസ്‌കാരത്തിനുമൊക്കെ മിനിമം ഒരു മെത്രാന്റെയെങ്കിലും സാന്നിധ്യം. ഇതൊക്കെയാണ് പിളര്‍പ്പിന്റെ സദ്ഫലങ്ങളായി വിശ്വാസികള്‍ അനുഭവിച്ചു പോരുന്ന അപൂര്‍വ സൗകര്യങ്ങള്‍. ഇതൊക്കെ പൊക്കിപ്പിടിച്ച് ചെങ്ങന്നൂരെ വിജയം രാഷ്ട്രീയ വിജയം ആയിരുന്നില്ലെന്നു പറയുന്ന രമേശ് ചെന്നിത്തല- തന്റെ സ്വന്തം വീടിരിക്കുന്ന വാര്‍ഡിലെ വീട്ടുകാരെയെങ്കിലും അല്‍പ്പം രാഷ്ട്രീയം പഠിപ്പിച്ചു കൊടുക്കുക. അല്ലെങ്കില്‍ ഹിന്ദിക്ക് പുറമെ രാഷ്ട്രീയം കൂടെ പഠിക്കുന്ന വല്ല സര്‍വകലാശാലയുടേയും വിദൂരവിദ്യാഭ്യാസ പദ്ധതിയിലെങ്കിലും ചേര്‍ന്നു മറ്റൊരു ബിരുദം കൂടെ സംഘടിപ്പിക്കുക. പ്രായം പഠനത്തിനൊരു തടസ്സമല്ലെന്നല്ലേ പറയുന്നത്.