ഈദിന്റെ ഉദ്‌ബോധനങ്ങള്‍

പ്രാര്‍ഥനക്കു ഉത്തരം കിട്ടുന്ന ദിനമാണിന്ന്. ഒറ്റക്കും കൂട്ടമായും ദുആ ചെയ്യണം. നമ്മില്‍ നിന്ന് വിടപറഞ്ഞവരുടെ ഖബറുകള്‍ സിയാറത്ത് ചെയ്യണം. പരസ്പരം സ്‌നേഹാഭിവാദ്യങ്ങള്‍ ചെയ്യണം. ഒരു യഥാര്‍ഥ വിശ്വാസിയുടെ മനസ്സില്‍ ആരോടും വെറുപ്പ് ഉണ്ടാകരുത്. കുടുംബ വീടുകളിലും അയല്‍പക്കങ്ങളിലും സന്ദര്‍ശനം നടത്തണം. സന്തോഷം പങ്കിടണം. രോഗികളെ പ്രത്യേകം സമാശ്വസിപ്പിക്കണം. അവര്‍ക്കായി ദുആ ചെയ്തുകൊടുക്കണം. വിഷാദാവസ്ഥയില്‍ പലരുമെത്തുന്നത് ആവശ്യമായ ആശ്വാസം ഉറ്റവരില്‍ നിന്ന് ലഭിക്കാത്തപ്പോഴാണ്.
Posted on: June 15, 2018 6:00 am | Last updated: June 14, 2018 at 11:22 pm
SHARE

പെരുന്നാളിന്റെ ആനന്ദത്തിലാണ് വിശ്വാസികള്‍. തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ അല്ലാഹു ഒരുക്കിത്തന്ന ദിനമാണിത്. നന്ദിയോടെ സന്തോഷം പ്രകടിപ്പിക്കാന്‍. ഒരു മാസത്തെ വ്രതം നല്‍കിയ ആത്മവിശുദ്ധിയുടെ കരുത്തിലാണ് ഈ പെരുന്നാള്‍ ആഘോഷിക്കുന്നത്. അഥവാ, റമസാനിന്റെ പൂര്‍ത്തീകരണമെന്ന നിലയില്‍ സുഭിക്ഷമായി ഭക്ഷണം കഴിച്ച്, അല്ലാഹുവിനെ സ്തുതിച്ച് നമ്മുടെ ആഘോഷങ്ങള്‍ സഫലമാക്കുക.

കുട്ടിക്കാലത്തെ നിറമുള്ള ഓര്‍മകള്‍ പെരുന്നാളുമായി ബന്ധപ്പെട്ടതാണ്. വലിയ പട്ടിണിയും കഷ്ടപ്പാടും നമ്മുടെ നാട്ടില്‍ നിലനിനിന്ന നാളുകളായിരുന്നു 1930കളും 40കളും. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല അന്ന്. വീട്ടില്‍ ഒരു നേരം മാത്രമാണ് മിക്കപ്പോഴും ഭക്ഷണം കാണുക. എന്നാല്‍ ആ കാലത്തും പെരുന്നാള്‍ ദിനം വയറു നിറയെ ഭക്ഷണം കഴിച്ചു സന്തോഷകരമായി കഴിയാനുള്ള സാഹചര്യം ഉണ്ടാക്കുമായിരുന്നു മാതാപിതാക്കള്‍. നാട്ടിലെ സമ്പന്നരില്‍ പലരും പാവങ്ങള്‍ക്ക് അരിയും സാധനങ്ങളും നല്‍കും. ഫിത്വര്‍ സകാത്ത് വലിയ ആശ്വാസമായിരുന്നു സാധാരണക്കാര്‍ക്ക്. വര്‍ഷത്തില്‍ ആ പെരുന്നാളിന് ഒരിക്കല്‍ മാത്രമായിരുന്നു പുതുവസ്ത്രം എടുക്കുന്നത്. അത് ധരിച്ചു പള്ളിയില്‍ പോകുമ്പോള്‍ ഉള്ള സന്തോഷം മറക്കാനാവാത്തതായിരുന്നു.

ഇന്ന് സാമൂഹിക അവസ്ഥ മാറി. അല്ലാഹുവിന്റെ അനുഗ്രഹം നമുക്ക് മേല്‍ കൂടുതല്‍ വര്‍ഷിച്ചു. പെരുന്നാളിന് ഓരോ വീട്ടിലും വൈവിധ്യമാര്‍ന്ന ഭക്ഷണം ഉണ്ടാക്കാന്‍ കഴിയുന്ന സാഹചര്യമായി. ഒന്നോ രണ്ടോ ജോഡി വസ്ത്രമെടുക്കാന്‍ കഴിയും മിക്ക പേര്‍ക്കും. പക്ഷേ, അപ്പോഴും നമ്മുടെ സമൂഹത്തില്‍ അല്ലലോടെ ജീവിക്കുന്നവരുണ്ട്. പ്രയാസങ്ങള്‍ക്ക് മധ്യേ പെരുന്നാളിന് പൊലിമ കൂട്ടാന്‍ പരിശ്രമിക്കുന്ന വിശ്വാസികളുണ്ട്. അത്തരക്കാരെ കണ്ടെത്തി, ഭക്ഷണവും വസ്ത്രവും നല്‍കാന്‍, ആശ്വാസം പകരാന്‍ വിശ്വാസികള്‍ ഊര്‍ജസ്വലത കാണിക്കണം.

എങ്ങനെയാണ് ഒരു വിശ്വാസിയുടെ ആഘോഷം അല്ലാഹുവിനു തൃപ്തികരമായ രൂപത്തിലാകുന്നത്? അത് നാഥന്‍ കല്‍പ്പിച്ച തരത്തില്‍ ആഘോഷിക്കുമ്പോഴാണ്. ഹറാമുകളില്‍ നിന്നകന്ന്, കൂടുതല്‍ സുകൃതങ്ങള്‍ ചെയ്യാന്‍ സമയവും സന്ദര്‍ഭവും കണ്ടെത്തി ഒരു യഥാര്‍ഥ മുഅ്മിനിന്റെ എല്ലാ സ്വഭാവങ്ങളും പ്രതിഫലിക്കുന്ന വിധത്തില്‍ ആകണം നമ്മുടെ ആഘോഷം.

പെരുന്നാള്‍ പ്രഖ്യാപിച്ചാല്‍ പിന്നെ എങ്ങുമുയരുന്ന മന്ത്രം ‘അല്ലാഹു അക്ബറി’ല്‍ നിന്ന് തുടങ്ങി ‘വലില്ലാഹില്‍ ഹംദി’ല്‍ അവസാനിക്കുന്നതാണ്. അല്ലാഹു വലിയവനാണ്, അവനാണ് സര്‍വസ്തുതിയും എന്നുച്ചരിക്കുന്ന ഒരു വിശ്വാസിയുടെ നാവില്‍ അന്ന് ഹറാം പ്രവേശിക്കുന്നത്, ശ്രവണപടത്തില്‍ വിലക്കപ്പെട്ട സ്വരങ്ങളുടെ ധ്വനികള്‍ മുഴങ്ങുന്നത് എത്രമാത്രം നന്ദികേടാണ്. റമസാന്‍ മുഴുവന്‍ ചെയ്ത നന്മകള്‍ അല്ലാഹു സവിശേഷ ആഘോഷമാക്കി നിശ്ചയിച്ച പെരുന്നാളിന് നഷ്ടപ്പെടുത്താന്‍ പാടുണ്ടോ? റമസാന്‍ യഥാര്‍ഥത്തില്‍ ജീവിതത്തെ ആത്മീയമായി പരിശീലിപ്പിക്കാനുള്ള ഘട്ടം കൂടിയായിരുന്നു. ആ ആത്മീയ പരിശീലനം ഫലപ്പെട്ടതായി മാറണമെങ്കില്‍ പിന്നീടുള്ള ജീവിതത്തില്‍ അതിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്താനാവണം.

പെരുന്നാളിന് ഒട്ടനേകം സുന്നത്തായ കര്‍മങ്ങള്‍ ചെയ്യാനുണ്ട്. പ്രാര്‍ഥനക്കു ഉത്തരം കിട്ടുന്ന ദിനമാണിന്ന്. അതിനാല്‍, പള്ളിയില്‍ വെച്ച് പ്രഭാതത്തില്‍ ഒറ്റക്കും കൂട്ടമായും വിശ്വാസികള്‍ ദുആ ചെയ്യണം. നമ്മില്‍ നിന്ന് വിട പറഞ്ഞവരുടെ ഖബറുകള്‍ സിയാറത്ത് ചെയ്യണം. അവരുടെ മണ്ണിനടിയില്‍ ജീവിതം സന്തോഷകരമാകാന്‍ ആ പ്രാര്‍ഥനകള്‍ സഹായിക്കും. പരസ്പരം സ്‌നേഹാഭിവാദ്യങ്ങള്‍ ചെയ്യണം. ഒരു യഥാര്‍ഥ വിശ്വാസിയുടെ മനസ്സില്‍ ആരോടും വെറുപ്പ് ഉണ്ടാകരുത്. മറ്റുള്ളവരോട് വിരോധം ഇല്ലാത്തവരുടെ മനസ്സ് പ്രസന്നമായിരിക്കും. നമ്മോടു മുഖം തിരിക്കുന്നവരുടെ സമീപനം മാറ്റാന്‍ ഹൃദയത്തില്‍ തട്ടിയുള്ള വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കഴിയും. കുടുംബ വീടുകളിലും അയല്‍പക്കങ്ങളിലും സന്ദര്‍ശനം നടത്തണം.

സന്തോഷം പങ്കിടണം. രോഗികളെ പ്രത്യേകം സമാശ്വസിപ്പിക്കണം. അവര്‍ക്കായി ദുആ ചെയ്തുകൊടുക്കണം. വിഷാദാവസ്ഥയില്‍ പലരുമെത്തുന്നത് ആവശ്യമായ ആശ്വാസം ഉറ്റവരില്‍ നിന്ന് ലഭിക്കാത്തപ്പോഴാണ്. അതിനാല്‍, പെരുന്നാള്‍ അത്തരത്തില്‍ സൗഹൃദവും സ്‌നേഹവും പങ്കിടുന്ന ദിനമാകണം.

വിശ്വാസികള്‍ ഫിത്വര്‍ സകാത്ത് നല്‍കണം. പട്ടിണി കിടക്കുന്ന ഒരാളും നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ടാകരുത് എന്നതിന്റെ സൂചനയാണല്ലോ അത്. സ്വദഖ നല്‍കണം. അനാഥകള്‍ക്കും അഗതികള്‍ക്കും സാന്ത്വനമേകണം. അല്ലാഹു നമുക്ക് തന്ന അനുഗ്രഹത്തില്‍ നിന്ന് ഒരു ഭാഗം മറ്റൊരാള്‍ക്ക് നല്‍കി, അവര്‍ ആ സന്തോഷത്തില്‍ ഹൃദയത്തില്‍ തട്ടി നടത്തുന്ന പ്രാര്‍ഥനക്ക് വലിയ ഫലം ലഭിക്കും.

ഈ പെരുന്നാള്‍ ദിനം നമുക്ക് ഏറെ ആശങ്ക കൂടി നല്‍കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴ ഉരുള്‍പൊട്ടലുകള്‍ക്കും വെള്ളപ്പൊക്കങ്ങള്‍ക്കും നിമിത്തമായിരിക്കുന്നു. പെരുന്നാളിന് അണിയാന്‍ എടുത്തുവെച്ച വസ്ത്രം പലരുടെതും വെള്ളത്തിനടിയിലാണ്. താമരശ്ശേരി കരിഞ്ഞോലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച കുഞ്ഞുങ്ങളെ കണ്ടപ്പോള്‍, അവരുടെ ഉറ്റവരെ സന്ദര്‍ശിച്ചപ്പോള്‍ വലിയ വേദനയുണ്ടായി. അല്ലാഹുവിന്റെ പരീക്ഷണമാണ്. വേഗത്തില്‍ ഈ ദുരിതം മാറിക്കിട്ടാന്‍ വേണ്ടി വിശ്വാസികള്‍ ദുആ ചെയ്യണം.

ഭക്ഷണവും വസ്ത്രവുമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കണം. ആശ്വസിപ്പിക്കണം. അങ്ങനെ, സംതൃപ്തവും, അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്നതുമായ നിലയില്‍ നമ്മുടെ പെരുന്നാള്‍ മാറണം. ഏവര്‍ക്കും ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here