Connect with us

Kerala

ആറ് ജില്ലകളില്‍ റെഡ് അലെര്‍ട്ട്; കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Published

|

Last Updated

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലബാറിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജി്ല്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രാപിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതകള്‍ ഉള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത പാലിക്കണം. വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്താനും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വരുന്ന 48 മണിക്കൂര്‍കൂടി സംസ്ഥാനത്ത് ശക്തമായ മഴയും വടക്കന്‍ജില്ലകളില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഞ്ചേരിയിലാണ് ഏറ്റവും കൂടുതല്‍മഴ രേഖപ്പെടുത്തിയത്. 24 മണിക്കൂറില്‍ 23 സെന്റിമീറ്ററെന്ന അസാധാരണ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ചെങ്കുത്തായ മലഞ്ചെരിവുകള്‍, നീര്‍ച്ചാലുകള്‍, പുഴകള്‍, മലയോര റോഡുകള്‍ എന്നിവക്ക് സമീപം താമസിക്കുന്നവര്‍അതീവ ജാഗ്രതപാലിക്കണം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്.

കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.