ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത; തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് വിശാലബഞ്ചിന്

Posted on: June 14, 2018 3:36 pm | Last updated: June 15, 2018 at 9:28 am

ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവും ആര്‍കെ നഗര്‍ എംഎല്‍എയുമായ ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ച പതിനെട്ട് എംഎല്‍എ മാരെ അയോഗ്യരാക്കിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബഞ്ച് വിപുലമായ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു.
കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചിന് ഏകാഭിപ്രായത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.

ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എംഎല്‍എമാരുടെ അയോഗ്യത ശരിവെച്ചു. എന്നാല്‍, ബഞ്ചിലെ മറ്റൊരു ജഡ്ജിയായ എം സുന്ദര്‍ ഇതിനെ എതിര്‍ത്തു. കേസ് വീണ്ടും മൂന്നംഗ ബഞ്ചിന്റെ പരിഗണനക്ക് വരും. മൂന്നാം ജഡ്ജി ആരെന്ന് ഹൈക്കോടതി പ്രഖ്യാപിക്കും. ഇതോടെ എടപ്പാടി സര്‍ക്കാറിന് താത്കാലിക ആശ്വാസമായി.

പളനി സാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടത്. ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ് സ്പീക്കര്‍ക്ക് കത്തു നല്‍കി. എംഎല്‍എമാര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇവരില്‍ ഒരു എംഎല്‍എ പിന്നീട് നിലപാട് മാറ്റി. ചീഫ് വിപ്പിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ 18 പേരെ സ്പീക്കര്‍ അയോഗ്യരാക്കി. ഇതിനെതിരെയാണു എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.