നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍; വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ശ്രമമെന്നും പ്രോസിക്യൂഷന്‍

Posted on: June 14, 2018 2:37 pm | Last updated: June 14, 2018 at 3:52 pm

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍. കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ എതിര്‍പ്പ് അറിയിച്ചത്. ഹര്‍ജി ജൂലൈ നാലിന് പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

പോലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹരജി നല്‍കിയത്. കേസില്‍ അറസ്റ്റിലായ ആദ്യ പ്രതികള്‍ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തില്‍ ഡി ജി പി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയത് ദുരുദ്ദേശ്യപരമാണെന്ന് ഹരജിയില്‍ പറയുന്നു. ന്യായമായ അന്വേഷണവും വിചാരണയും ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കാളിത്തമോ ഇതേ കുറിച്ച് അറിവോ ഇല്ലാത്ത തന്നെ പ്രതിയാക്കിയത് അസാധാരണ നടപടിയാണ്. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണം. ഇല്ലെങ്കില്‍ സത്യം എന്നേക്കുമായി കുഴിച്ചു മൂടപ്പെടുമെന്നും ദിലീപിന്റെ ഹരജിയില്‍ പറയുന്നു.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തില്‍ 2017 ജൂലൈ പത്തിനാണ് ദിലീപിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പ് പള്‍സര്‍ സുനിയടക്കം ഏഴ് പ്രതികള്‍ക്കെതിരെ 2017 മാര്‍ച്ച് 18 ന് അന്വേഷണ സംഘം അന്തിമ റിപോര്‍ട്ട് കോടതിയില്‍ നല്‍കി. സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.