Connect with us

Kerala

ഉരുള്‍പൊട്ടല്‍: കോഴിക്കോട്ട് നാല് പേര്‍ മരിച്ചു, എട്ട് പേരെ കാണാതായി

Published

|

Last Updated

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴയില്‍ വ്യാപക നാശം. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. വെട്ടിയൊഴിഞ്ഞതോട്ടം സലീമിന്റെ മക്കളായ ദില്‍ന (7), മുഹമ്മദ് ഷഹബാസ് (3), ജഅ്ഫറിന്റെ ഏഴുവയസുകാരനായ മകന്‍, അര്‍മാന്റെ ഭാര്യ എന്നിവരാണ് മരിച്ചവര്‍. സലീമും ഭാര്യയും മൂത്ത മകന്‍ മുഹമ്മദ് ഹമ്മാസും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. നാട്ടുകാരുടേയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍, കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
എട്ട് പേര്‍ ഇപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കരിഞ്ചോല സ്വദേശി ഹസ്സന്റെയും അബ്ദുര്‍റഹ്മാന്റെയും കുടുംബാംഗങ്ങളെയാണ് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടായിരുന്നു. കഴിഞ്ഞദിവസം, തുടര്‍ന്ന് ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നാല് വീടുകള്‍ പൂര്‍ണമായി ഒലിച്ചുപോയിരിക്കുകയാണ്. നാല് തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

കനത്തമഴയെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ മേഖലകളില്‍ കൂടുതല്‍ സഹായമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷം കൂടുതല്‍ ദുരിതം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണസേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ കോഴിക്കോട് എത്തിച്ചേരും. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്തേക്ക് എത്തിക്കും.

കണ്ണൂര്‍ മാക്കൂട്ടത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡും വീടുകളും.

ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

പൂനൂര്‍ പുഴ കരകവിഞ്ഞൊഴുകി. കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയിലും താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി. ബാലുശ്ശേരി മങ്കയത്ത് നിരവധി വീടുകള്‍ തകര്‍ന്നു.

കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട്ട് ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇനിയൊരറിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം പൊന്നാനി അഴിമുഖത്ത് ബോട്ടുമുങ്ങി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു. താനൂര്‍ സ്വദേശി ഹംസയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെയാണ് ഹംസയെ കാണാതായത്. എടവണ്ണയില്‍ ഏക്കറുകണക്കിന് കൃഷി നശിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഉച്ചക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയില്‍ 12 ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒരാള്‍ മരിച്ചു. നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇരിട്ടി- വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വാഹന ഗതാഗതം നിലച്ചു. ഗതാഗത തടസ്സം നീക്കുന്നതിന് ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി.
വീട് ഭാഗികമായി തകര്‍ന്ന 17 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. 33 വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങളില്‍ ചെളിയും വെള്ളവും നിറഞ്ഞ് വ്യാപകമായ കൃഷി നാശമുണ്ടായി. ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മാക്കൂട്ടം വനത്തിലെ 12 ഇടങ്ങളില്‍ കനത്ത മഴയോടൊപ്പം ഉരുള്‍പൊട്ടലും ഉണ്ടായത്.
നിമിഷ നേരം കൊണ്ട് ബാരാപോള്‍ പുഴ നിറഞ്ഞുകവിഞ്ഞു. പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കോഴികളും വളര്‍ത്തു മൃഗങ്ങളും വെള്ളത്തില്‍ മുങ്ങി. വീടുവിട്ട് ഓടിയവര്‍ക്ക് ജീവന്‍ തീരിച്ചുകിട്ടിയതൊഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ടു.
മാക്കൂട്ടം, പേരട്ട, കൂട്ടുപുഴ, കച്ചേരിക്കടവ്, മുടക്കയം ഭാഗങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. നൂറുകണക്കിന് കൂറ്റന്‍ മരങ്ങള്‍ പുഴകളിലും കൃഷിയിടങ്ങളിലും ഒഴുകിയെത്തി. മാക്കൂട്ടം ചെറിയപാലം തോടും റോഡും വെള്ളത്തില്‍ മുങ്ങി. ഇവിടെ കിലോമീറ്ററുകളോളം റോഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മാക്കൂട്ടം- ചുരം റോഡില്‍ വനത്തിനുള്ളില്‍ കുടുങ്ങിപോയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ 12 മണിക്കൂറിന് ശേഷം നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് സാഹസികമായാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്. 15 ഓളം ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ചെറുവാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. പേരട്ട, തൊട്ടില്‍പ്പാലം, വള്ളിത്തോട് ഭാഗങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറി.
വിളമന 29ാം മൈല്‍ സ്വദേശി ശരത് ആണ് മരിച്ചത്. ലോറി ക്ലീനറായിരുന്ന ശരത് വീരാജ്പേട്ടയില്‍ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെടുകായായിരുന്നു. ലോറിക്ക് മുകളില്‍ മരം വീണത് ഇറങ്ങി നോക്കുന്നതിനിടയില്‍ ഒഴുകിവന്ന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയെന്നാണ് കരുതുന്നത്. ശരത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നോടെ മാക്കൂട്ടത്തെ തോട്ടില്‍ കണ്ടെത്തി.