പ്രണാബ് വന്നു; പ്രതിപക്ഷ സംഗമമായി രാഹുലിന്റെ ഇഫ്താര്‍

Posted on: June 14, 2018 9:16 am | Last updated: June 14, 2018 at 10:30 am
SHARE
ഇഫ്താര്‍ പാര്‍ട്ടിക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി സൗഹൃദ സംഭാഷണത്തില്‍. ദിഗ്‌വിജയ് സിംഗ് സമീപം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി നടത്തിയ ഇഫ്താര്‍ മീറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമമായി മാറി. ഡല്‍ഹിയിലെ താജ് ഹോട്ടലിലാണ് രാഹുല്‍ ഗാന്ധി ഇന്നലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇഫ്താര്‍ സംഘടിപ്പിച്ചത്. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിവിധ പ്രതിപക്ഷകക്ഷി നേതാക്കളുമാണ് ഇഫ്താറില്‍ പങ്കെടുത്തത്.

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മനു അഭിഷേഗ് സിംഗ്‌വി, സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ജെ ഡി യു നേതാവ് ശരത് യാദവ്, ഡി എം കെ നേതാവ് കനിമൊഴി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡാനിഷ് ത്രിവേദി എന്നിവരാണ് വിവിധ പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് ഇഫ്താറില്‍ പങ്കെടുത്തത്. അതേസമയം, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍റാവുവിനേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.

ആര്‍ എസ് എസ് ആസ്ഥാനത്തെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ പ്രണാബിനെ കോണ്‍ഗ്രസിന്റെ ഇഫ്താറില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചിരുന്നുവെങ്കിലും പ്രണാബ് പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല.