കോച്ചിനെ പുറത്താക്കി സ്‌പെയിന്‍

Posted on: June 14, 2018 6:03 am | Last updated: June 14, 2018 at 12:30 am
SHARE
സ്‌പെയിന്‍ കോച്ചിനെ പുറത്താക്കിയ വിവരം ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി റുബെയ്‌ലാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുന്നു

മോസ്‌കോ: ലോകകപ്പ് കിക്കോഫിന് മുമ്പ് സ്‌പെയിന്‍ കോച്ച് യുലെന്‍ ലോപെടെഗ്യു പുറത്ത്. സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡുമായി രഹസ്യമായി കരാറിലെത്തിയതാണ് യുലെന്റെ സ്പാനിഷ് തൊപ്പി തെറിപ്പിച്ചത്. റയല്‍മാഡ്രിഡ് സിനദിന്‍ സിദാന്റെ പിന്‍ഗാമിയായി യുലെന്‍ ലോപെടെഗ്യുവിനെ പ്രഖ്യാപിച്ചത് സ്‌പെയിന്‍ ഫുട്‌ബോള്‍ അസോസിയേഷനെ ഞെട്ടിച്ചിരുന്നു. ഉടനടി വാര്‍ത്താ സമ്മേളനം വിളിച്ചാണ് സ്‌പെയിന്‍ എഫ് എ മേധാവി ലൂയിസ് റുബെയ്‌ലാസ് പുറത്താക്കല്‍ പ്രഖ്യാപിച്ചത്.

സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് യുലെന്‍ ലോപെടെഗ്യുവിനെ നിലനിര്‍ത്താന്‍ 2020 വരെയുള്ള കരാര്‍ മുന്നോട്ടു വെച്ച റുബെയ്‌ലാസിന് താന്‍ വിഡ്ഢിയാക്കപ്പെട്ടതായി അനുഭവപ്പെട്ടു. അസോസിയേഷനിലെ എതിര്‍പ്പിനെ നേരിട്ടായിരുന്നു റുബെയ്‌ലാസ് പരിശീലകസ്ഥാനത്ത് ലോപെടെഗ്യുവിന് പുതിയ കരാര്‍ നല്‍കിയത്.

സ്പാനിഷ് എഫ് എയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായ ഫെര്‍നാന്‍ഡോ ഹിയറോയാണ് പുതിയ കോച്ച്. മുന്‍ സ്‌പെയിന്‍, റയല്‍മാഡ്രിഡ് താരമാണ് ഹിയറോ.

സ്‌പെയ്‌നിന് വേണ്ടി യുലെന്‍ ചെയ്ത സേവനങ്ങള്‍ക്കെല്ലാം നന്ദി അറിയിക്കുന്നു. റഷ്യ ലോകകപ്പിന് യോഗ്യത നേടാന്‍ സ്‌പെയ്‌നിനെ സഹായിച്ച പ്രധാനികളില്‍ ഒരാളാണ് യുലെന്‍. പക്ഷേ, ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ് – റുബെയ്‌ലാസ് പറഞ്ഞു.
യുലെന്‍ ലോപെടെഗ്യുവും റയല്‍മാഡ്രിഡും നടന്ന ചര്‍ച്ചകള്‍ സ്പാനിഷ് എഫ് എയുടെ അറിവോടെയല്ല. റയലിന്റെ പ്രഖ്യാപനത്തിന് അഞ്ച് മിനുട്ട് മുമ്പ് മാത്രമാണ് വിവരങ്ങള്‍ അറിയുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് അസോസിയേഷന്‍ വിലയിരുത്തി. ലോകകപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇങ്ങനെയൊരു തീരുമാനം എടുത്തതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം. പക്ഷേ, ഇത് ക്ഷമിക്കാവുന്ന ഒന്നല്ല – എഫ് എ മേധാവി പറഞ്ഞു.

പരിശീലകനെ മാറ്റരുതെന്ന് സീനിയര്‍ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കളിക്കാരുമായി ഏറെ നേരം സംസാരിച്ചു. അവര്‍ എഫ് എയുടെ തീരുമാനത്തിനൊപ്പമുണ്ട്. ലോകകപ്പില്‍ പുതിയ കോച്ചിന് കീഴില്‍ കളിക്കാന്‍ അവര്‍ തയ്യാറാണ് – റുബെയ്‌ലാസ് പറഞ്ഞു.
മൂന്ന് വര്‍ഷ കരാറാണ് റയല്‍മാഡ്രിഡുമായി ഒപ്പുവെച്ചത്. ഇതു പ്രകാരം സ്പാനിഷ് എഫ് എക്ക് റയല്‍ 1.75 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്.

ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇതാ ഒരു പരിശീലകന്റെ കൂടി ജോലി നഷ്ടമായിരിക്കുന്നു. പന്ത്രണ്ട് മാസത്തിനിടെ പല ടീമുകളും പരിശീലകരെ അപ്രതീക്ഷിതമായി പുറത്താക്കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സ്‌പെയ്‌നിന് മുമ്പെ പരിശീലകരെ പുറത്താക്കി വാര്‍ത്തകളില്‍ നിറഞ്ഞവരെ കുറിച്ചറിയാം.

ജപ്പാന്‍– ഏപ്രിലില്‍ വാഹിദ് ഹാലിഹോസിചിനെ പുറത്താക്കിയ ജപ്പാന്‍ ടെക്‌നിക്കല്‍ഡയറക്ടര്‍ അകിറ നിഷിനോയെ പുതിയ കോച്ചാക്കി. സന്നാഹ മത്സരങ്ങളില്‍ ജപ്പാന്‍ ഘാനയോടും സ്വിറ്റ്‌സര്‍ലന്‍ഡിനോടും പരാജയപ്പെട്ടു. പരാഗ്വെയെ തോല്‍പ്പിച്ചത് ആശ്വാസമായി.

ആസ്‌ത്രേലിയ – ജനുവരിയില്‍ ആഗ്നെ പോസ്‌തെഗോഗ്ലു രാജിവെച്ചു. ലോകകപ്പ് യോഗ്യത നേടിയതിന് ശേഷമായിരുന്നു രാജി. ഡച്ച് കോച്ച് ബെര്‍ട് വാന്‍ മര്‍വിക്കിനെ പുതിയ കോച്ചായി നിയമിച്ചു. 2010 ഫൈനലിലെത്തിയ ഹോളണ്ട് ടീമിന്റെ കോച്ചാണ്.

സഊദി അറേബ്യ – നവംബറില്‍ എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കി. ബെര്‍ട് വാന്‍ മര്‍വിക്കിനെ പരിശീലകനാക്കി. അതിന് ശേഷം യുവാന്‍ അന്റോണിയോ പിസിയെത്തി. ചിലിക്ക് 2006 കോപ അമേരിക്ക കിരീടം നേടിക്കൊടുത്ത കോച്ച്.

സെര്‍ബിയ – സ്ലാവോലിജു മുസ്ലിനെ ഒക്ടോബറില്‍ പുറത്താക്കി. യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്നായിരുന്നു ഇത്. മ്ലാദെന്‍ കസ്റ്റാജിക് പുതിയ കോച്ചായെത്തിയതിന് ശേഷം അലക്‌സാണ്ടര്‍ കൊലറോവിനെ ടീമിന്റെ നായകനാക്കി. 4-2-3-1 ഫോര്‍മേഷനിലേക്കുള്ള മാറ്റവും കൊണ്ടു വന്നു.

ക്രൊയേഷ്യ – ഉക്രൈനെതിരായ നിര്‍ണായക ക്വാളിഫയറിന് രണ്ട് ദിവസം മുമ്പ് ക്രൊയേഷ്യ കോച്ച് ആന്റെ കാസിചിനെ പുറത്താക്കി. സ്ലാകോ ഡാലിചിനെ ചുമതലയേല്‍പ്പിച്ചു. ഈ ചൂതാട്ടം വിജയിച്ചു. ക്രൊയേഷ്യ പ്ലേ ഓഫിന് യോഗ്യത നേടി. ഗ്രീസിനെ തോല്‍പ്പിച്ച് ലോകകപ്പ് യോഗ്യത നേടി.

ദക്ഷിണ കൊറിയ– ഷിന്‍ തേ യോംഗ് ആയിരുന്നു 2016 ഒളിമ്പിക്‌സില്‍ കൊറിയയെ പരിശീലിപ്പിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി ജര്‍മന്‍ കോച്ച് ഉലി സിയില്‍കെയെ പുതിയ കോച്ചായി കൊറിയ കൊണ്ടു വന്നു.

അര്‍ജന്റീന – കഴിഞ്ഞ ജൂണില്‍ എഡ്ഗാര്‍ഡോ ബൗസയില്‍ നിന്ന് ജോര്‍ജ് സംപോളി പരിശീലകസ്ഥാനം ഏറ്റെടുത്തു. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തിരിച്ചടികളെ തുടര്‍ന്നായിരുന്നു ഇത്. ഇക്വഡോറിനെതിരെ മെസി ഹാട്രിക്ക് നേടിയ മത്സരം സംപോളിയുടെ ടീമിന് ലോകകപ്പ് യോഗ്യത ഉറപ്പാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here