Connect with us

Sports

കിക്കോഫ്

Published

|

Last Updated

ലോകം ഒരു പന്തിന് പിറകെ പായുന്ന രാപ്പകലുകള്‍…റഷ്യയില്‍ ലോകകകപ്പ് ഫുട്‌ബോളിന് ആതിഥേയരായ റഷ്യയും സഊദി അറേബ്യയും തമ്മിലുള്ള പോരാട്ടത്തോടെ കിക്കോഫ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തുന്ന സഊദി അട്ടിമറിക്ക് കെല്‍പ്പുള്ളവരാണ്. ജര്‍മനിയെ സന്നാഹ മത്സരത്തില്‍ വിറപ്പിച്ചു വിട്ടു കൊണ്ട് സൂചന നല്‍കി. റഷ്യക്ക് സ്വന്തം മണ്ണില്‍ നാണക്കേടില്ലാതെ രക്ഷപ്പെടണമെങ്കില്‍ ഇന്നത്തെ കളി ജയിക്കേണ്ടതുണ്ട്

ലൂഷ്‌നികി: ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനപ്പോര് ആതിഥേയരായ റഷ്യയും സഊദി അറേബ്യയും തമ്മിലാണ്. ഫിഫ റാങ്കിംഗില്‍ പിറകിലുള്ള രണ്ട് ടീമുകള്‍. ടൂര്‍ണമെന്റില്‍ ഏറ്റവും മോശം റാങ്കിംഗ് ഉള്ള ടീം റഷ്യയാണ്. എഴുപതാം സ്ഥാനം. ബുര്‍കിന ഫസോ, മാലി, കേപ് വെര്‍ഡെ ടീമുകള്‍ക്കെല്ലാം പിറകില്‍. സഊദിയാകട്ടെ അറുപത്തേഴാം സ്ഥാനത്ത്.

സന്നാഹ മത്സരങ്ങളില്‍ മികച്ച റിസള്‍ട്ടുകളൊന്നുമില്ലാതെയാണ് റഷ്യ കിക്കോഫിന് ഒരുങ്ങുന്നത്. കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ചെസോവ് ആദ്യ മത്സരം ജയിച്ച് ആത്മവിശ്വാസം സംഭരിക്കാമെന്ന കണക്ക് കൂട്ടലിലാണ്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തെ ചരിത്രമെടുത്താല്‍, ആറ് ആതിഥേയ ടീമുകളില്‍ നാലും സെമിഫൈനല്‍ വരെയെങ്കിലും മുന്നേറിയിട്ടുണ്ട്. പതിനാറ് വര്‍ഷം മുമ്പ് ദക്ഷിണകൊറിയസ്വന്തം മണ്ണില്‍ സെമിവരെ കുതിച്ചതാണ് റഷ്യക്ക് പ്രചോദനം.

എന്നാല്‍, ഒക്ടോബറിന് ശേഷം ഒരു മത്സരം പോലും ജയിക്കാനായിട്ടില്ല റഷ്യക്ക്. തുടരെ ഏഴ് മത്സരങ്ങളാണ് ജയമില്ലാതെ പൂര്‍ത്തിയാക്കിയത്.
അര്‍ജന്റീന, സ്‌പെയിന്‍, ബ്രസീല്‍, ഫ്രാന്‍സ് എന്നീ മുന്‍നിര ടീമുകളുമായി സന്നാഹ മത്സരം കളിക്കാന്‍ സാധിച്ചുവെന്നത് റഷ്യക്ക് ഗുണകരമാണ്. സ്‌പെയ്‌നിനെതിരെ എവേ മത്സരത്തില്‍ സമനില നേടിയത് മികച്ച റിസള്‍ട്ടായി. അടുത്തിടെ നടന്ന മത്സരങ്ങളില്‍ ആസ്ത്രിയയോട് തോല്‍ക്കുകയും തുര്‍ക്കിയോട് സമനിലയാവുകയും ചെയ്തത് റഷ്യന്‍ ടീമിന്റെ ആത്മവിശ്വാസം കെടുത്തും.

കഴിഞ്ഞ വര്‍ഷം ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായിരുന്നു ആതിഥേയരായ റഷ്യ. അതേസമയം, ഉദ്ഘാടന മത്സരത്തില്‍ ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ പോര്‍ച്ചുഗലിനോടും അവസാന മത്സരത്തില്‍ മെക്‌സിക്കോയോടും പരാജയപ്പെട്ടതോടെ പുറത്തായി.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ മാമാങ്കം കളിക്കാന്‍ യോഗ്യത നേടിയ സഊദി അറേബ്യ നോക്കൗട്ട് റൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. 1994 മുതല്‍ 2006 വരെ തുടരെ നാല് ലോകകപ്പുകള്‍ കളിച്ച സഊദി പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കാണ് സ്വപ്‌നം കാണുന്നത്. 1994 ലെ അരങ്ങേറ്റത്തില്‍ പ്രീക്വാര്‍ട്ടര്‍ ബെര്‍ത് നേടിയതൊഴിച്ചാല്‍ ലോകകപ്പില്‍ സഊദി അറേബ്യക്ക് എടുത്തു പറയാന്‍ ഒന്നുമില്ല. ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ ഏഴിലും തോറ്റു. 2002 ല്‍ ജര്‍മനിയോട് 8-0ന് തോറ്റത് മഹാനാണക്കേടായി. എന്നാല്‍, ഇതേ ജര്‍മനിക്കെതിരെ സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുസഊദി. 2-1ന് തോറ്റെങ്കിലും വിജയികളെ പോലെയാണ് സഊദി കളം വിട്ടത്. കോച്ച് യുവാന്‍ അന്റോണിയോ പിസിയിലാണ് സഊദിയുടെ പ്രതീക്ഷ. പരിചയ സമ്പന്നനായ ബെര്‍ട് വാന്‍ മര്‍വിക്കിനെ പരിശീലകനാക്കാന്‍ സഊദി ശ്രമിച്ചെങ്കിലും ആസ്‌ത്രേലിയ ഡച്ച് പരിശീലകനെ റാഞ്ചിപ്പോയിരുന്നു. എങ്കിലും സഊദി നിരാശപ്പെടേണ്ടതില്ല. അപ്രസക്തരായവരെ പരിശീലിപ്പിച്ച് ചരിത്രം സൃഷ്ടിച്ച കോച്ചാണ് പിസി. 2016 ല്‍ ചിലി കോപ അമേരിക്ക കിരീടം നേടിയത് പിസിയുടെ തന്ത്രങ്ങളിലായിരുന്നു.
എന്നാല്‍, ചിലിക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ പിസി പരാജയമായി. ചിലിക്ക് ലോകകപ്പ് നഷ്ടമായെങ്കിലും പിസിക്ക് നഷ്ടമായില്ല. സഊദി അറേബ്യയില്‍ നിന്ന് പിസിക്ക് ക്ഷണം വന്നു. ഈ വര്‍ഷം ഒമ്പത് മത്സരങ്ങളാണ് സഊദി കളിച്ചത്. ആകെ മൂന്ന് കളികള്‍ മാത്രമാണ് ജയിച്ചത്. മൊള്‍ഡോവ, അള്‍ജീരിയ, ഗ്രീസ് ടീമുകളെയാണ് തോല്‍പ്പിച്ചത്.

സാധ്യതാ ലൈനപ്പ്

റഷ്യ : അകിന്‍ഫീവ് (ഗോളി), സ്‌മോനികോവ്, കുടെപോവ്, ഇഗ്നാഷെവിച്, സമെദോവ്, സോബ്രിന്‍, ഗാസിന്‍സ്‌കി, സിര്‍കോവ്, സഗോവോ്, സ്‌മൊളോവ്, ഗൊലോവിന്‍.

സഊദി അറേബ്യ: അല്‍ മെയോഫ് (ഗോളി), അല്‍ ഷഹ്‌റാനി, ഒസ് ഹവ്‌സാമി, ഒമര്‍ ഹവ്‌സാമി, അല്‍ ഹര്‍ദി, ഉതായെഫ്, അല്‍ ഷെഹ്‌റി, അല്‍ ജാസിം, അല്‍ ഫരാജ്, അല്‍ ദവാസരി, അല്‍ മുവല്ലാദ് അല്‍ ഹര്‍ബി.

ചരിത്രവും കണക്കുകളും

റഷ്യയും സഊദി അറേബ്യയും മുമ്പ് അവസാനമായി ഏറ്റുമുട്ടിയത് 1993 ഒക്ടോബറില്‍. സൗഹൃദ മത്സരം സഊദി 4-2ന് ജയിച്ചു.

യു എസ് എസ് ആര്‍ വിഭജിച്ച് റഷ്യ ആയതിന് ശേഷം ലോകകപ്പില്‍ നോക്കൗട്ട് റൗണ്ട് കളിച്ചിട്ടില്ല. 1994,2002, 2014 ലോകകപ്പുകളാണ് മുമ്പ് കളിച്ചത്. മൂന്ന് അവസരങ്ങളിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി.

ആതിഥേയര്‍ അവസാനമായി ലോകകപ്പ് ജേതാക്കളായത് 1998 ലാണ്. ഫ്രാന്‍സായിരുന്നു ആ ടീം. ആതിഥേയര്‍ നോക്കൗട്ട് റൗണ്ടിലെത്താറുണ്ട്. എന്നാല്‍ 2010 ല്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായി.

ലോകകപ്പിലെ അവസാന അഞ്ച് മത്സരങ്ങളില്‍ റഷ്യക്ക് ജയമില്ല. മൂന്ന് തോല്‍വിയും രണ്ട് സമനിലയും. റഷ്യയുടെ ആകെയുള്ളരണ്ട് ജയങ്ങളും ആഫ്രിക്കന്‍ ടീമിനെതിരെയാണ്. 1994 ല്‍ 6-1ന് കാമറൂണിനെയും 2002 ല്‍ 2-0ന് ടുണീഷ്യയെയും തോല്‍പ്പിച്ചത്.

സഊദി അറേബ്യയുടെ അഞ്ചാം ലോകകപ്പ്. അവസാനംകളിച്ച മൂന്ന് ലോകകപ്പിലും ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റവും പിറകില്‍. ഏറ്റവും മികച്ച പ്രകടനം 1994 ല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. അന്ന് സ്വീഡനോട് തോല്‍ക്കുകയായിരുന്നു.

Latest