Connect with us

National

ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പാന്‍കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബേങ്ക് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ലൈസന്‍സ്-ആധാര്‍ ബന്ധിപ്പിക്കല്‍ സംബന്ധിച്ച് വാര്‍ത്താ വിതരണ മന്ത്രി രവിശങ്കര്‍ പ്രസാദ് ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിയുമായി ചര്‍ച്ച നടത്തി.

ദേശീയ പാതയടക്കമുള്ള റോഡുകളില്‍ അപകടമുണ്ടായതിന് ശേഷം വാഹനവുമായി കടന്നു കളയുന്നവരെ പിടികൂടുന്നതിന് വേണ്ടിയാണ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ വിശദീകരണം. കൂടാതെ രാജ്യവ്യാപകമായി വ്യാജ ലൈസന്‍സുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് ഇല്ലാതാക്കാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് കൂടുതല്‍ വിവാദത്തിലേക്ക് നയിക്കും.

Latest