അഞ്ച് നദികളില്‍ ‘ബന്ധാര’ സംഭരണികള്‍ നിര്‍മിക്കും

  • ഗോവന്‍ മാതൃകയില്‍ നദീജല സംഭരണത്തിന് പദ്ധതി
  • 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കും
Posted on: June 14, 2018 6:18 am | Last updated: June 14, 2018 at 12:22 am
SHARE

തിരുവനന്തപുരം: വേനലില്‍ രൂക്ഷമാകുന്ന വരള്‍ച്ച നേരിടാന്‍ ഗോവന്‍ മാതൃകയില്‍ നദീ ജല സംഭരണികള്‍ പണിയും. സംസ്ഥാനത്ത് മഴ കുറയുന്നില്ലെന്നും എന്നാല്‍ വെള്ളം സംഭരിച്ച് വെക്കാന്‍ കഴിയാത്തത് കൊണ്ടാണ് കടുത്ത വരള്‍ച്ചയുണ്ടാകുന്നതെന്നുമുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. പദ്ധതി നടപ്പാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ നദികളില്‍ ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണികള്‍ നിര്‍മിക്കാനാണ് തീരുമാനം. പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ടയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ഇത് പൂര്‍ത്തിയാകുന്നതോടെ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ടെറന്‍സ് ആന്റണി (ഐ ഡി ആര്‍ ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ നിയോഗിച്ചിരുന്നു. വി എം സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എന്‍ജിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാനുള്ള തീരുമാനം. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് പദ്ധതി നടപ്പാക്കുക. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഹരിതകേരളമിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി എന്‍. സീമ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കര്‍, സര്‍ക്കാറിന്റെ വികസന ഉപദേഷ്ടാവ് സി എസ് രജ്ഞിത് തുടങ്ങിയവര്‍ പങ്കെടുത്തു.

എന്താണ് ‘ബന്ധാര’?

കേരളത്തിലെ നദികളില്‍ പണിയുന്ന റഗുലേറ്ററിന്റെ ചെലവ് കുറഞ്ഞതും എളുപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതുമായ മാതൃകയാണ് ഗോവന്‍ ബന്ധാരകള്‍. ഗോവയില്‍ നാനൂറിലധികം ബന്ധാരകള്‍ ഉപയോഗത്തിലുണ്ട്. നദിയില്‍ കുറുകെ രണ്ട് മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച ശേഷം ഫൈബര്‍ റീഇന്‍ ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ് ആര്‍ പി) കൊണ്ട് ഷട്ടര്‍ ഇടുകയാണ് ചെയ്യുന്നത്.

നദിയുടെ താഴ്ചക്കനുസരിച്ച് നാലോ അഞ്ചോ കിലോമീറ്റര്‍ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ട് പൂര്‍ണ ഉയരത്തില്‍ വെള്ളം സംഭരിക്കും. ജലനിരപ്പ് കുറയുന്നതനുസരിച്ച് ഷട്ടറുകള്‍ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും. മഴ തുടങ്ങിയാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കും. അതിനാല്‍ മഴക്കാലത്ത് നദികളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടാകും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും ഇതിലൂടെ കഴിയും.

കേരളത്തിലെ വരള്‍ച്ചയുടെ മുഖ്യകാരണം മഴക്കുറവല്ലെന്നാണ് പഠന സമിതിയുടെ റിപ്പോര്‍ട്ട്. 1871 മുതല്‍ 2008 വരെയുളള മഴയുടെ ലഭ്യത സമിതി വിശദമായി വിശകലനം ചെയ്തു. കാലവര്‍ഷത്തില്‍ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുലാവര്‍ഷവും വേനല്‍ മഴയും ശീതകാല മഴയും കൂടുതല്‍ ലഭിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പെയ്യുന്ന മഴ വളരെ വേഗം കടലിലേക്ക് ഒഴുകിപ്പോകുന്നതാണ് വരള്‍ച്ചയുടെ പ്രധാന കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here