Connect with us

Kerala

ജയനഗര്‍ മണ്ഡലം ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസ്

Published

|

Last Updated

സൗമ്യറെഡ്ഢിയെ പിതാവ് രാമലിംഗറെഡ്ഢി അഭിനന്ദിക്കുന്നു

ബെംഗളൂരു: ബി ജെ പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച ബെംഗളൂരു ജയനഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യറെഡ്ഢി ബി ജെ പിയിലെ ബി എന്‍ പ്രഹ്ലാദിനെ 2889 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കന്നിയങ്കത്തില്‍ സൗമ്യ റെഡ്ഢി 54,457 വോട്ടുകള്‍ നേടിയപ്പോള്‍ 51,568 വോട്ടാണ് പ്രഹ്ലാദിന് നേടാനായത്. ബി ജെ പിയുടെ സിറ്റിംഗ് സീറ്റാണ് കോണ്‍ഗ്രസ് പിടിച്ചടക്കിയത്. പത്ത് വര്‍ഷമായി ബി ജെ പിയുടെ കുത്തകയായിരുന്നു മണ്ഡലം. കോണ്‍ഗ്രസ് നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ രാമലിംഗ റെഡ്ഢിയുടെ മകളാണ് സൗമ്യ റെഡ്ഢി.

ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന ബി എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വിജയകുമാറിന്റെ സഹോദരനാണ് പ്രഹഌദന്‍. സഹതാപതരംഗം വോട്ടാക്കി മാറ്റി വിജയിക്കാമെന്ന ബി ജെ പിയുടെ കണക്കുകൂട്ടലാണ് കോണ്‍ഗ്രസ് തകര്‍ത്തത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ജെ ഡി എസ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജയനഗറില്‍ തങ്ങളുടെ സ്ഥാനാര്‍ഥി കാലെഗൗഡയെ പിന്‍വലിച്ച് കോണ്‍ഗ്രസിനെ പിന്തുണക്കുകയായിരുന്നു ജെ ഡി എസ്. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 80 തികഞ്ഞു.

കഴിഞ്ഞയാഴ്ച നടന്ന രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു വിജയം. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ ആര്‍ നഗര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം എല്‍ എ മുനിരത്‌ന 41,162 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബി ജെ പി സ്ഥാനാര്‍ഥി തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ജെ ഡി എസ് സ്ഥാനാര്‍ഥി ജി എച്ച് രാമചന്ദ്ര മൂന്നാം സ്ഥാനത്തുമെത്തി. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കുന്നതില്‍ പരാജയപ്പെട്ട ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് ആര്‍ ആര്‍ നഗര്‍, ജയനഗര്‍ മണ്ഡലങ്ങളിലുണ്ടായ പരാജയം. ബി ജെ പിയുടെ ഉരുക്കുകോട്ടയായിരുന്ന ജയനഗര്‍ മണ്ഡലം പിടിക്കാനായത് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് ശക്തിപകര്‍ന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസും ജനതാദള്‍- എസും തീരുമാനിച്ചിട്ടുണ്ട്.
.
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എം എല്‍ എ സ്ഥാനം രാജിവെച്ച രാമനഗര മണ്ഡലത്തിലും കോണ്‍ഗ്രസ് എം എല്‍ എ സിദ്ധു ബി ന്യാമഗൗഡ കാര്‍ അപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന ജാമഖണ്ടി മണ്ഡലത്തിലും ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്.

Latest