Connect with us

Kerala

ഊമ എന്ന വ്യാജേന പോസ്റ്റോഫീസിലെത്തി നാല് ലക്ഷം രൂപ മോഷ്ടിച്ച് രക്ഷപ്പെട്ടു

Published

|

Last Updated

പണം മോഷ്ടിച്ച് രക്ഷപ്പെട്ട പ്രതി

തിരൂര്‍: ഊമ എന്ന വ്യാജേന സഹായം അഭ്യര്‍ഥിച്ച് പോസ്റ്റ് ഓഫീസിലെത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത് ഇതര സംസ്ഥാനക്കാരന്‍ രക്ഷപ്പെട്ടു. തിരൂര്‍ പാന്‍ബസാറിലെ പോസ്റ്റ് ഓഫീസില്‍ ഇന്നലെ ഉച്ചയോടെയാണ് മോഷണം. സംഭവത്തില്‍ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഇതര സംസ്ഥാനക്കാനെതിരെ പോലീസ് കേസെടുത്തു. സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള നോട്ടീസുമായി മോഷ്ടാവ് പോസ്റ്റോഫീസില്‍ എത്തി. ഇയാള്‍ക്ക് സഹായം നല്‍കാനായി പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന നാല് ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. മറ്റൊരു ഇടപാടുകാരന് നല്‍കാന്‍ കൗണ്ടറില്‍ വെച്ച പണമാണ് മോഷ്ടിച്ചത്. ഇയാളെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. പരിസരത്തെ സി സി ടി വി പോലീസ് പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. സമാന രീതിയില്‍ മോഷണം നടത്തിയതിന് ഇയാള്‍ക്കെതിരെ കോട്ടക്കല്‍, മഞ്ചേരി പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്. എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല.

ഊമയെന്ന വ്യാജേന നാവ് നീട്ടിക്കാണിച്ച് കൈയില്‍ കിട്ടുന്നതെന്തും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായും കൂടുതല്‍ കേസുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും തിരൂര്‍ എസ് ഐ. സുമേഷ് സുധാകരന്‍ പറഞ്ഞു.

Latest