ഫറോക്ക് നഗരസഭാ ഭരണം വീണ്ടും എല്‍ ഡി എഫിന്

ലീഗ് ഭരണം അവിശ്വാസത്തിലൂടെ പുറത്ത്
Posted on: June 14, 2018 6:05 am | Last updated: June 14, 2018 at 12:02 am
SHARE
കെ എ ഖമറുല്‍ ലൈല

ഫറോക്ക്: നഗരസഭാ ഭരണം എല്‍ ഡി എഫ് തിരിച്ചുപിടിച്ചു. എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര അംഗം കെ എ ഖമറുല്‍ ലൈല നഗരസഭാഅധ്യക്ഷയായും കെ മൊയ്തീന്‍കോയ ഉപാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫറോക്ക് നഗരസഭാ ഭരണം എല്‍ ഡി എഫ് വീണ്ടും പിടിച്ചെടുത്തത്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 16നെതിരെ 21 വോട്ടുകള്‍ക്കാണ് ഇരുവരും വിജയിച്ചത്. നേരത്തെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ തത്സ്ഥാനത്ത് നിന്നും പുറത്തായ ചെയര്‍പേഴ്‌സന്‍ മുസ്‌ലിം ലീഗിലെ പി റുബീന, ഉപാധ്യക്ഷന്‍ കോണ്‍ഗ്രസിലെ വി മുഹമ്മദ് ഹസന്‍ എന്നിവര്‍ തന്നെയാണ് രണ്ടാമതും ഇരു സ്ഥാനത്തേക്കും യു ഡി എഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയത്. 16നെതിരെ 21 വോട്ടുകള്‍ നേടിയായിരുന്നു വിജയം. ഏക ബി ജെ പി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഫലപ്രഖ്യാപനത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു. തിരഞ്ഞെടുപ്പ് നിയന്ത്രിച്ച വരണാധികാരിയായ കോഴിക്കോട് ജില്ലാ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചക്ക് ശേഷം രണ്ടിനായിരുന്നു വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്. നഗരസഭയിലെ 38 അംഗ കൗണ്‍സിലില്‍ 18 പേരാണ് എല്‍ ഡി എഫിനുണ്ടായിരുന്നത്. ഇതിന് പുറമെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അംഗവും വൈസ് ചെയര്‍മാനായ കെ മൊയ്തീന്‍കോയ, കെ ടി ശാലിനി എന്നീ കോണ്‍ഗ്രസ് അംഗങ്ങളും കൂടി എല്‍ ഡി എഫിനൊപ്പം ചേര്‍ന്നതാണ് യു ഡി എഫിന് കനത്ത തിരിച്ചടിയായത്.

മെയ് 16നാണ് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും പുറത്തായത്. അന്ന് യു ഡി എഫ് അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്‌കരിച്ചെങ്കിലും ലീഗിലെ മുന്‍ ചെയര്‍പേഴ്‌സനും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും യു ഡി എഫിനൊപ്പമുണ്ടായിരുന്ന സ്വതന്ത്ര അംഗം കമറു ലൈലയും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് അവിശ്വാസത്തെ അനുകൂലിച്ചു. ഇടതു മുന്നണിയില്‍ സി പി എമ്മിന് പതിനാറും സി പി ഐ, എന്‍സി പി എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമടക്കം 18 പേരാണുണ്ടായിരുന്നത്. യു ഡി എഫില്‍ മുസ്‌ലിം ലീഗിന് പതിനാലും കോണ്‍ഗ്രസിന് മൂന്ന് കൗണ്‍സിലര്‍മാരുമായിരുന്നെങ്കിലും റിബലായി മത്സരിച്ച് ജയിച്ച രണ്ട് വനിതകളും ബി ജെ പിയുടെ ഏക അംഗവും ഏത് സന്നിഗ്ധ ഘട്ടങ്ങളിലും ഭരണത്തെ താങ്ങി നിര്‍ത്താന്‍ ഒപ്പമുണ്ടായിരുന്നു. നിലവില്‍ യു ഡി എഫ് അംഗബലം ഒരു സ്വതന്ത്രയടക്കം 16 ആയി ചുരുങ്ങി.

നഗരസഭയിലെ കല്ലംപാറ 21ാം ഡിവിഷനില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട കമറുലൈല ജയിച്ചത്. വൈസ് ചെയര്‍മാന്‍ മൊയ്തീന്‍കോയ കരുവന്‍തിരുത്തി കോതാര്‍തോട് 35ാം ഡി വിഷനില്‍ നിന്ന്‌കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here