അറയ്ക്കല്‍ കൊട്ടാരത്തിന് പൊളിച്ചുനീക്കല്‍ നോട്ടീസ്

റവന്യൂ വകുപ്പാണ് അറയ്ക്കല്‍ ബീവിക്ക് നോട്ടീസയച്ചത്
Posted on: June 14, 2018 6:09 am | Last updated: June 13, 2018 at 11:59 pm
SHARE

കണ്ണൂര്‍: അറയ്ക്കല്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാന്‍ തഹസില്‍ദാര്‍ ഉത്തരവ്. കെട്ടിടം ഏതുസമയവും നിലംപൊത്താറായിട്ടുണ്ടെന്നും പൊളിഞ്ഞുവീണാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ തടയുന്നതിന് കൊട്ടാരത്തിന്റെ നിശ്ചിത ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്നുമാവശ്യപ്പെട്ട് തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഒന്ന് വില്ലേജ് ഓഫീസറാണ് അറയ്ക്കല്‍ ബീവി സുല്‍ത്താന്‍ ആദിരാജ സൈനബ ആഇശാബിക്ക് നോട്ടീസയച്ചിരിക്കുന്നത്. കേരളത്തിലെ ചിരപുരാതനമായ അറയ്ക്കല്‍ കൊട്ടാരം പൈതൃക സ്വത്തായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുറവിളി ഉയരുന്നതിനിടക്കാണ് കെട്ടിടഭാഗങ്ങള്‍ പൊളിച്ചുനീക്കാനുള്ള റവന്യൂ വകുപ്പിന്റെ നിര്‍ദേശം. കൊട്ടാരത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസത്തെ മഴയില്‍ നിലംപൊത്തിയ സാഹചര്യത്തിലാണ് ബാക്കി ഭാഗങ്ങള്‍ പൊളിച്ചുനീക്കാനായി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അറയ്ക്കല്‍ പഴയ മ്യൂസിയത്തോടനുബന്ധിച്ചുള്ള നാല് മുറികളുള്‍ക്കൊള്ളുന്ന ഭാഗമാണ് കഴിഞ്ഞ ഞായറാഴ്ച നിലംപൊത്തിയത്. ഇതേത്തുടര്‍ന്ന് പുരാവസ്തു വകുപ്പ് കണ്‍സര്‍വേഷന്‍ എന്‍ജിനീയര്‍ എസ് ഭൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘം കെട്ടിട സമുച്ചയം സന്ദര്‍ശിക്കുകയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത് സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കണ്ണൂര്‍ നഗരത്തില്‍ റോഡിനോരം ചേര്‍ന്ന് കിടക്കുന്ന കെട്ടിടം അപകടസാധ്യതയുയര്‍ത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പിന്റെ പുതിയ നടപടി.

കേരളത്തിലെ സ്വതന്ത്ര നാട്ടുരാജ്യങ്ങളില്‍ ഉള്‍പ്പെട്ട ഏക മുസ്‌ലിം രാജവംശമായ അറയ്ക്കലിനെ പൈതൃക മ്യൂസിയമാക്കി മാറ്റുന്നത് സംബന്ധിച്ച് അറയ്ക്കല്‍ രാജ കുടുംബാംഗങ്ങളുമായി ആലോചിച്ച് സമവായത്തിലെത്താന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പൈതൃക മ്യൂസിയമാക്കി മാറ്റുമ്പോള്‍ അറയ്ക്കല്‍ ഗ്രൗണ്ട് വിട്ടുകൊടുക്കണമെന്നും അവിടെ പാര്‍ക്കിംഗ് ഏരിയയാക്കി മാറ്റുമെന്നുമുള്ള സര്‍ക്കാറിന്റെ നിര്‍ദേശമാണ് അറയ്ക്കല്‍ കുടുംബാംഗങ്ങള്‍ അംഗീകരിക്കാതിരിക്കുന്നത്. അറയ്ക്കല്‍ കെട്ടിടത്തിനകത്തെ വീടുകള്‍ക്കും ആത്മീയ കേന്ദ്രങ്ങള്‍ക്കും ഈ നിര്‍ദേശം ഭീഷണിയാണെന്ന് മ്യൂസിയം ഡയറക്ടര്‍ ആദിരാജ മുഹമ്മദ് റാഫി സിറാജിനോട് പറഞ്ഞു.

എന്നാല്‍, കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും തഹസില്‍ദാറിന്റെ പൊളിക്കല്‍ നിര്‍ദേശം ആശങ്കയുണര്‍ത്തുന്നുണ്ട്.

നേരത്തെ അറയ്ക്കല്‍ കൊട്ടാരത്തിന്റെ ഒരു ഭാഗം തകര്‍ന്നവീഴാറായപ്പോള്‍ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് 90 ലക്ഷം രൂപയോളം മുടക്കി നവീകരിച്ച് 2005 ജൂലൈയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയം കൂടിയാണ് അറക്കല്‍ മ്യൂസിയം. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നിലവില്‍ വന്ന അറയ്ക്കല്‍ രാജവംശത്തിന് സ്വന്തമായി കപ്പല്‍ വ്യൂഹവും അവയുടെ സംരക്ഷണത്തിന് നാവികപ്പടയും ഉണ്ടായിരുന്നു. മലബാറിന്റെ നല്ലൊരു ഭാഗത്തിന്റെ അധീശത്വത്തിന് പുറമെ ലക്ഷദ്വീപും മാഹിയുമെല്ലാം അറയ്ക്കല്‍ രാജാക്കന്‍മാര്‍ക്ക് കീഴിലായിരുന്നുവെന്നാണ് ചരിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here