യു പിയില്‍ വഴിയോരത്ത് കിടന്ന നായയുടെ ശരീരത്തിലൂടെ റോഡ് നിര്‍മിച്ച് കൊടുംക്രൂരത

Posted on: June 14, 2018 6:09 am | Last updated: June 14, 2018 at 12:16 am
SHARE
തെരുവില്‍ കിടന്ന നായയുടെ ശരീരത്തിലൂടെ റോഡ് നിര്‍മിച്ച നിലയില്‍

ആഗ്ര: മനുഷ്യന്‍ മൃഗങ്ങളോട് കാണിക്കുന്ന കൊടുംക്രൂരതയുടെ മറ്റൊരു വാര്‍ത്തയാണ് ആഗ്രയിലെ ഫത്തേബാദില്‍ നിന്നും പുറത്തുവരുന്നത്. ഓരം ചേര്‍ന്ന് കിടന്ന നായയുടെ ദേഹത്തുകൂടി റോഡ് നിര്‍മിച്ച സ്വകാര്യ കമ്പനിയുടെ നടപടി മൃഗസ്‌നേഹികള്‍ക്ക് മാത്രമല്ല കണ്ടുനിന്നവര്‍ക്കെല്ലാം തീരാവേദനയാകുകയായിരുന്നു. റോഡിനടിയില്‍പ്പെട്ട ശരീരഭാഗം പുറത്തെടുക്കാനാകാതെ മണിക്കൂറുകളോളം കിടന്ന നായ ഒടുവില്‍ ചത്തു. അതേസമയം, വഴിയില്‍ ചത്തുകിടന്ന നായയുടെ ശരീരത്തിന് മുകളിലൂടെയാണ് റോഡ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

റോഡരികില്‍ കിടന്ന നായയുടെ പിന്‍കാലുകള്‍ക്ക് മുകളിലൂടെ ചുട്ടുപൊള്ളുന്ന ടാര്‍ ഒഴിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. ജീവനുണ്ടായിരുന്ന നായയുടെ ദേഹത്തിലൂടെ ടാറിംഗ് നടത്തുമ്പോള്‍ വേദന കൊണ്ട് പുളഞ്ഞ് ഓരിയിട്ടെങ്കിലും തൊഴിലാളികള്‍ അത് കണ്ടില്ലെന്ന് നടിച്ച് നിര്‍മാണം തുടരുകയായിരുന്നുവെന്ന് സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. നിര്‍മാണം നടന്നത് രാത്രിയായതിനാല്‍ നായയെ കണ്ടില്ലെന്നാണ് തൊഴിലാളികളുടെ വാദം. ഒടുവില്‍ പൊതുപ്രവര്‍ത്തകരെത്തി ജെ സി ബി ഉപയോഗിച്ച് നായയെ പുറത്തെടുത്തപ്പോഴേക്കും ചത്തിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ രോഷമുണ്ടായി.