Connect with us

Kerala

കൊച്ചി വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടികൂടി

Published

|

Last Updated

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഫ്ഗാന്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയ 11 കോടിയുടെ വിദേശ കറന്‍സി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പതിനൊന്ന് കോടി രൂപയുടെ യു എസ് ഡോളറും സഊദി റിയാലും പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് രാജ്യത്തെ ഏറ്റവും വലിയ കറന്‍സി വേട്ടകളിലൊന്ന് കൊച്ചിയില്‍ പിടികൂടിയത്. വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചതിന് അഫ്ഗാന്‍ സ്വദേശി യൂസുഫ് മുഹമ്മദ് സിദ്ദീഖി(33)നെ കസ്റ്റംസ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ കൈവശമുണ്ടായിരുന്ന ട്രോളിബാഗില്‍ സൂക്ഷിച്ചിരുന്ന റൈസ് കുക്കറിലും മറ്റും ഒളിപ്പിച്ചാണ് വിദേശ കറന്‍സി കടത്താ ന്‍ ശ്രമിച്ചത്.

ഇന്നലെ പുലര്‍ച്ചെ 4.30ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്കുള്ള എമിറേറ്റ് എയര്‍ലൈ ന്‍സ് വിമാനത്തില്‍ പോകുന്നതിനാണ് യൂസുഫ് മുഹമ്മദ് സിദ്ദീഖ് എത്തിയത്. എക്‌സ്‌റെ പരിശോധനയിലാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പ്രതിയുടെ ട്രോളിബാഗില്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നതിന് ചൊവ്വാഴ്ച രാത്രിയാണ് എമിറേറ്റ് എയര്‍ലൈന്‍സ് വിമാനം കൊച്ചിയിലെത്തിയത.് എന്നാല്‍ യന്ത്രത്തകരാര്‍ മൂലം വിമാനം യാത്ര റദ്ദ് ചെയ്യുകയും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് യന്ത്രത്തകരാര്‍ പരിഹരിച്ച് വിമാനം പുലര്‍ച്ചെ 4.30ന് ദുബൈയിലേക്ക് പുറപ്പെട്ടു. ഈ വിമാനത്തില്‍ കയറാന്‍ പ്രതി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കറന്‍സി പിടികൂടിയത്.

പ്രതി യൂസുഫ് മുഹമ്മദ് സിദ്ദീഖ് കാബൂളില്‍ നിന്നാണ് ഡല്‍ഹിയിലെത്തിയത്. ഇതിന് മുമ്പ് പതിനൊന്ന് തവണ ഇയാള്‍ കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തി ദുബൈയിലേക്ക് യാത്ര ചെയ്തിട്ടുണ്ട.് ഈ യാത്രയില്‍ വിദേശ കറന്‍സികള്‍ ഉള്‍പ്പെടെ എന്തല്ലാം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി വിമാനത്താവളം പോലുള്ള സ്ഥലങ്ങളില്‍ നിന്ന് സുരക്ഷാ സംവിധാനങ്ങളെയെല്ലാം കവച്ചുവെച്ച് പതിനൊന്ന് കോടി വിദേശ കറന്‍സി വിമാനത്തിലെത്തിക്കാന്‍ കഴിഞ്ഞത് കസ്റ്റംസിനെ ഞെട്ടിച്ചിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിയെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെങ്കിലുമുണ്ടായിരുന്നോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നു.

Latest