Connect with us

Kerala

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവില്ല

Published

|

Last Updated

തിരുവനന്തപുരം: നഗരങ്ങളില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്താനുള്ള നീക്കം ഉപേക്ഷിച്ചു. റവന്യൂ, കൃഷി വകുപ്പുകള്‍ ഭരിക്കുന്ന സി പി ഐ ശക്തമായി എതിര്‍ത്തതോടെയാണിത്. നഗരങ്ങളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഭേദഗതി.
തിരുവനന്തപുരത്തും കൊച്ചിയിലും വികസന ആവശ്യങ്ങള്‍ക്കായി ഇളവ് അനിവാര്യമാണെന്നായിരുന്നു നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ സി പി ഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഇതിന്റെ പേരില്‍ വിവാദം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുമ്പായി നടന്ന സി പി എം- സി പി ഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരുന്നു.

നഗരപ്രദേശങ്ങളില്‍ വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകള്‍ വരുന്നുണ്ടെന്നും പൊതു ആവശ്യങ്ങള്‍ക്കായി വയല്‍ നികത്തുന്നതില്‍ സര്‍ക്കാറിന്റെ അനുമതി മാത്രം മതിയെന്ന ഭേദഗതി കൂടി നിയമത്തില്‍ കൊണ്ടുവരാനായിരുന്നു നിര്‍ദേശം. പൊതു ആവശ്യത്തിനായി വയല്‍ നികത്തുമ്പോള്‍ പ്രാദേശിക സമിതിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കിലും സംസ്ഥാനതലത്തിലുള്ള സമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന ഭേദഗതി നേരത്തെ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്നിരുന്നു. നഗരങ്ങളുടെ കാര്യത്തില്‍ പ്രാദേശിക സമിതികളുടെ അഭിപ്രായം തന്നെ ആരായേണ്ടെന്ന നിര്‍ദേശമാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിട്ടത്. ഇളവ് നല്‍കുന്നത് നിയമത്തിന്റെ അന്തഃസത്ത തന്നെ ചോദ്യം ചെയ്യുമെന്ന് സി പി ഐ നിലപാടെടുത്തു. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. പുതിയ ഭേദഗതി കൊണ്ടുവന്നാല്‍ നഗരപ്രദേശങ്ങളിലുള്ള വയലുകളെല്ലാം വന്‍തോതില്‍ നികത്തപ്പെടും. ഇപ്പോള്‍ ഇതിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാലും പുതിയ സര്‍ക്കാര്‍ വന്നാല്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും സി പി ഐ വാദിച്ചു. ഇതോടെ പുതിയ ഭേദഗതി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഓര്‍ഡിനന്‍സായി കൊണ്ടുവന്നതിനപ്പുറം പുതിയ മാറ്റങ്ങളൊന്നും ഇനി വരുത്തില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.

2008 നു മുമ്പ് നികത്തിയ നെല്‍വയലുകള്‍ കരഭൂമിയാക്കി മാറ്റാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരുന്നു. 49 സെന്റ് വരെയുള്ള നികത്തുഭൂമി കരഭൂമിയാക്കി മാറ്റാന്‍ ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനം സര്‍ക്കാറില്‍ അടക്കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണിത്. ഭൂമി കൃഷിക്ക് യോഗ്യമല്ലെന്നും ഇത് കരഭൂമിയാക്കി മാറ്റുന്നത് മറ്റു കൃഷിഭൂമിയെ ബാധിക്കില്ലെന്നും ആര്‍ ഡി ഒയുടെ സമിതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമെ ഇതിനു കഴിയൂ. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കില്ലെന്നും സമിതി റിപ്പോര്‍ട്ട് നല്‍കണം. 50 സെന്റു മുതല്‍ കരഭൂമിയാക്കി മാറ്റണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന് സമിതിക്ക് ബോധ്യപ്പെട്ടാല്‍ ന്യായവിലയുടെ 50 ശതമാനം അടച്ചാല്‍ കരഭൂമിയാക്കാം. എന്നാല്‍, ഭൂമിയുടെ പത്ത് ശതമാനം തണ്ണീര്‍ത്തടമായി സംരക്ഷിക്കണമെന്ന വ്യവസ്ഥ ബാധകമാകും.

നഗരത്തില്‍ മാത്രം ന്യായവിലയുടെ 50 ശതമാനം ഈടാക്കിയാല്‍ മതിയെന്നും ഗ്രാമപ്രദേശങ്ങളില്‍ ഇതില്‍ കുറവ് ഫീസ് മതിയെന്നുമുള്ള ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റവന്യൂ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും യോഗം വിളിച്ചത്. ഫീസിന് സ്ലാബ് സമ്പ്രദായം കൊണ്ടുവരണമെന്ന നിര്‍ദേശം യോഗത്തിലുണ്ടായി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായില്ല.