Connect with us

Kerala

മാക്കൂട്ടത്ത് വ്യാപക ഉരുള്‍പൊട്ടല്‍: ഒരാള്‍ മരിച്ചു

Published

|

Last Updated

കണ്ണൂര്‍ മാക്കൂട്ടത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡും വീടുകളും

ഇരിട്ടി(കണ്ണൂര്‍): ഇരിട്ടിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയില്‍ 12 ഇടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒരാള്‍ മരിച്ചു. നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇരിട്ടി- വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ വാഹന ഗതഗതം നിലച്ചു. ഗതാഗത തടസ്സം നീക്കുന്നതിന് ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടി.

ശരത്

വീട് ഭാഗികമായി തകര്‍ന്ന 17 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. 33 വീടുകളില്‍ വെള്ളം കയറി. നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങളില്‍ ചെളിയും വെള്ളവും നിറഞ്ഞ് വ്യാപകമായ കൃഷി നാശമുണ്ടായി. ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മാക്കൂട്ടം വനത്തിലെ 12 ഇടങ്ങളില്‍ കനത്ത മഴയോടൊപ്പം ഉരുള്‍പൊട്ടലും ഉണ്ടായത്.

നിമിഷ നേരം കൊണ്ട് ബാരാപോള്‍ പുഴ നിറഞ്ഞുകവിഞ്ഞു. പുഴയുടെ ഇരുകരകളിലും ഉള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി കോഴികളും വളര്‍ത്തു മൃഗങ്ങളും വെള്ളത്തില്‍ മുങ്ങി. വീടുവിട്ട് ഓടിയവര്‍ക്ക് ജീവന്‍ തീരിച്ചുകിട്ടിയതൊഴിച്ച് മറ്റെല്ലാം നഷ്ടപ്പെട്ടു.

മാക്കൂട്ടം, പേരട്ട, കൂട്ടുപുഴ, കച്ചേരിക്കടവ്, മുടക്കയം ഭാഗങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. നൂറുകണക്കിന് കൂറ്റന്‍ മരങ്ങള്‍ പുഴകളിലും കൃഷിയിടങ്ങളിലും ഒഴുകിയെത്തി. മാക്കൂട്ടം ചെറിയപാലം തോടും റോഡും വെള്ളത്തില്‍ മുങ്ങി. ഇവിടെ കിലോമീറ്ററുകളോളം റോഡ് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മാക്കൂട്ടം- ചുരം റോഡില്‍ വനത്തിനുള്ളില്‍ കുടുങ്ങിപോയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ 12 മണിക്കൂറിന് ശേഷം നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് സാഹസികമായാണ് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചത്. 15 ഓളം ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ചെറുവാഹനങ്ങള്‍ ചുരം റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്. പേരട്ട, തൊട്ടില്‍പ്പാലം, വള്ളിത്തോട് ഭാഗങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറി.

വിളമന 29ാം മൈല്‍ സ്വദേശി ശരത് ആണ് മരിച്ചത്. ലോറി ക്ലീനറായിരുന്ന ശരത് വീരാജ്‌പേട്ടയില്‍ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് വരുന്നതിനിടയിലാണ് അപകടത്തില്‍പ്പെടുകായായിരുന്നു. ലോറിക്ക് മുകളില്‍ മരം വീണത് ഇറങ്ങി നോക്കുന്നതിനിടയില്‍ ഒഴുകിവന്ന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയെന്നാണ് കരുതുന്നത്. ശരത്തിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നോടെ മാക്കൂട്ടത്തെ തോട്ടില്‍ കണ്ടെത്തി. മൃതദേഹം ഇരിട്ടിയിലേക്ക് എത്തിക്കാന്‍ കഴിയാഞ്ഞതിനാല്‍ വീരാജ്‌പേട്ടയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സണ്ണി ജോസഫ് എം എല്‍ എയുട നേതൃത്വത്തില്‍ പോലീസ്, അഗ്നിരക്ഷാ സേന, റവന്യൂ ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.