യമനിലെ ഹുദൈദക്ക് നേരെ അറബ് സഖ്യ സൈന്യം ആക്രമണം തുടങ്ങി

Posted on: June 14, 2018 6:07 am | Last updated: June 13, 2018 at 11:03 pm
ഹുദൈദയിലേക്ക് ട്രക്കുകളില്‍ സഞ്ചരിക്കുന്ന യമന്‍ കരസൈന്യത്തിലെ അംഗങ്ങള്‍

സന്‍ആ: യമനിലെ ഹുദൈദ തുറമുഖ പട്ടണത്തിന് നേരെ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം ആക്രമണം തുടങ്ങി. ഇറാന്‍ പിന്തുണയുള്ള ഹൂത്തികളും അറബ് സഖ്യ സൈന്യവും തമ്മില്‍ മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണം.

കര സൈന്യത്തിന്റെ പിന്തുണയോടെ അറബ് സഖ്യസൈന്യം ഹുദൈദയിലെ വിമതകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്നലെ രാവിലെ ശക്തമായ ആക്രമണം ആരംഭിക്കുകയായിരുന്നു. കരയുദ്ധത്തില്‍ യമന്‍ സൈന്യത്തിന്റെ പിന്തുണ അറബ് സഖ്യസൈന്യത്തിനുണ്ട്. ഹുദൈദ തുറുമഖത്ത് നിന്ന് ഹൂത്തികളെ തുരത്താന്‍ സമാധാനപരവും രാഷ്ട്രീയപരവുമായ മുഴുവന്‍ മാര്‍ഗങ്ങളും അവലംബിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് യമനിലെ അന്താരാഷ്ട്ര പിന്തുണയുള്ള സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

യമനിനെ ഹൈജാക്ക് ചെയ്ത ഹൂത്തി തീവ്രവാദികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ അതിപ്രധാനമായ ഹുദൈദ തുറമുഖം അവരില്‍ നിന്ന് തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്നാണ് സര്‍ക്കാറിന്റെ പക്ഷം. വിദേശ ശക്തികളുടെ അജണ്ടകള്‍ക്കനുസരിച്ചാണ് ഹൂത്തി വിമതര്‍ പ്രവര്‍ത്തിക്കുന്നത്. ഹുദൈദയുടെ മോചനം ഹൂത്തികളുടെ പരാജയത്തിന്റെ തുടക്കമായിരിക്കും. ബാബുല്‍മന്‍ദബ് വഴി കപ്പലുകളുടെ സഞ്ചാരം സുഖമമാക്കുമെന്നും ഇറാന്റെ സ്വാധീനം ഇവിടെ നിന്ന് തുടച്ചുനീക്കുമെന്നും വിലപ്പെട്ട യമനികളുടെ രക്തം വീഴ്ത്തുന്നതില്‍ ഇറാന്റെ ആയുധങ്ങള്‍ നിര്‍ണായകമായ പങ്കുവഹിച്ചെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

തലസ്ഥാനമായ സന്‍ആയില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയുള്ള ഈ തുറമുഖം മാത്രമാണ് ഇപ്പോള്‍ വിമതരുടെ നിയന്ത്രണത്തിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ ഈ തുറമുഖത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇവിടെ നിന്ന് ഒഴിഞ്ഞുപോകാന്‍ ഹൂത്തി വിമതര്‍ക്ക് അറബ് സഖ്യ സൈന്യം അന്ത്യശാസനം നല്‍കിയിരുന്നു. ഇത് അവസാനിച്ചതോടെയാണ് ആക്രമണം ആരംഭിച്ചിരിക്കുന്നത്.