Connect with us

International

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സന്നദ്ധമെന്ന് മുഖ്താദ അല്‍സദര്‍

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ഹാദി അല്‍അമീരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യത്തിലായി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തയ്യാറാണെന്ന് ശിയാ നേതാവ് മുഖ്താദ അല്‍സദര്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ഞെട്ടലുണ്ടാക്കുന്നതാണ് അല്‍സദറിന്റെ പ്രഖ്യാപനം. കഴിഞ്ഞ മാസം നടന്ന ഇറാഖ് പൊതു തിരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭക്ക് സന്നദ്ധത അറിയിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. മുഖ്താദ അല്‍സദറിന്റെ നേതൃത്വത്തിലുള്ള സൈറൂണ്‍ രാഷ്ട്രീയ സഖ്യത്തിനായിരുന്നു ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിരുന്നത്. പാര്‍ലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 329 സീറ്റുകളില്‍ 54 എണ്ണം സൈറൂണ്‍ സഖ്യത്തിനായിരുന്നു. ഹാദി അല്‍അമീരിയുടെ നേതൃത്വത്തിലുള്ള ഫതാഹ് സഖ്യത്തിന് 47 സീറ്റുകളിലും വിജയിക്കാനായി.

ശിയാക്കളുടെ വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്ന നജഫില്‍ മുഖ്താദ അല്‍സദറും ഹാദി അല്‍അമീരിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്. മികച്ചുനില്‍ക്കുന്ന ഒരു സഖ്യത്തോടൊപ്പം ചേര്‍ന്ന് ദേശീയ തലത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ തയ്യാറാണ്. ഇതുസംബന്ധിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു. ഈ രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ദുരിതങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് ഇരുവിഭാഗവും ഒന്നിച്ച് സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. പുതിയ സഖ്യം ദേശീയ തലത്തില്‍ പുതിയ ഒരധ്യായമാകുമെന്നും അല്‍സദര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒരു മാസം തികയുമ്പോഴാണ് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സന്നദ്ധത അറിയിച്ച് ഇരു പാര്‍ട്ടികളും രംഗത്തെത്തിയിരിക്കുന്നത്. ഒരേസമയം അമേരിക്കയെയും ഇറാനെയും ശത്രുക്കളായി കാണുന്ന ശിയാ നേതാവാണ് മുഖ്താദ അല്‍സദര്‍.
ഇറാഖില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിനിടെ വ്യാപകമായ രീതിയില്‍ തിരിമറികള്‍ നടന്നതായി തെളിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വോട്ടുകളും വീണ്ടുമെണ്ണാന്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഇറാഖ് പാര്‍ലിമെന്റ് ഉത്തരവിട്ടിരുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനിരിക്കെ ബാലറ്റ് ബോക്‌സുകള്‍ സൂക്ഷിച്ചുവെച്ച കേന്ദ്രത്തിന് തീപ്പിടിച്ചത് ഏറെ ദുരൂഹത സൃഷ്്ടിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Latest