ഉച്ചകോടിയെ പുകഴ്ത്തി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍

Posted on: June 14, 2018 6:02 am | Last updated: June 13, 2018 at 10:46 pm
SHARE
ഡൊണാള്‍ഡ് ട്രംപും കിം ജോംഗ് ഉന്നും തമ്മില്‍ നടന്ന കൂടിക്കാഴ്ച ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച പത്രങ്ങളിലൊന്ന്

സിയോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മില്‍ നടന്ന ഉച്ചകോടി വിജയകരമെന്ന് ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍. യുദ്ധക്കളി അവസാനിപ്പിക്കുകയെന്ന ട്രംപിന്റെ പ്രസ്താവനയും കൊറിയന്‍ മേഖലയില്‍ സുസ്ഥിരതയും സമാധാനവും തിരിച്ചുകൊണ്ടുവരാന്‍ ഇരു നേതാക്കളും നടത്തിയ പ്രതിജ്ഞയും മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധപ്പെടുത്തിയത്.

ദക്ഷിണ കൊറിയയുമായുള്ള സൈനിക അഭ്യാസം അവസാനിപ്പിക്കാന്‍ ട്രംപ് സന്നദ്ധമായതും ഉത്തര കൊറിയക്ക് സുരക്ഷ വാഗ്ദാനം ചെയ്തതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി(കെ സി എന്‍ എ) പറഞ്ഞു. ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ സൗകര്യപ്പെടുന്ന സമയം പരസ്പരം രാജ്യസന്ദര്‍ശനത്തിന് സന്നദ്ധത അറിയിച്ചതും മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ കണ്ടു. 1950 മുതല്‍ 1953വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം പിന്നീട് ഇതുവരെയും ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ എതിര്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിയിട്ടില്ല. ദക്ഷിണ കൊറിയയുമായി സഹകരിച്ച് കൊറിയന്‍ മേഖലയില്‍ അമേരിക്ക നടത്തുന്ന സൈനിക അഭ്യാസം ഉത്തര കൊറിയയെ ഏറ്റവും പ്രകോപിപ്പിച്ച കാര്യങ്ങളിലൊന്നായിരുന്നു. അടുത്ത സംയുക്ത സൈനികാഭ്യാസം വരുന്ന സെപ്തംബര്‍ മാസത്തിലായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ തീരുമാനം ഉത്തര കൊറിയന്‍ ജനതയെ ആശ്ചര്യത്തിലാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here