Connect with us

International

ട്രംപ്- ഉന്‍ കൂടിക്കാഴ്ചക്ക് സമ്മിശ്ര പ്രതികരണം

Published

|

Last Updated

വാഷിംഗ്ടണ്‍ ഡി സി: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ചര്‍ച്ച നടത്തുകയും ചരിത്രപരമായ കരാറിലെത്തുകയും ചെയ്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയതന്ത്ര നീക്കങ്ങള്‍ക്ക് അമേരിക്കയിലെങ്ങും കൈയടി നേടാനായി. അതേസമയം, ഇതിന്റെ തുടര്‍ നടപടികളെ ആശ്രയിച്ചായിരിക്കും കൂടിക്കാഴ്ച വിജയമോ പരാജയമോ എന്ന് വിലയിരുത്താന്‍ സാധിക്കൂവെന്നാണ് വിദഗ്ധരുടെ വീക്ഷണം. അടുത്ത ആഴ്ച തന്നെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് അമേരിക്ക. നയതന്ത്ര തലത്തില്‍ കൂടിക്കാഴ്ച വന്‍ വിജയമാണെന്ന് പറയുമ്പോഴും, മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്ന തുടര്‍ ചര്‍ച്ചകളിലായിരിക്കും പ്രധാന വെല്ലുവിളി ഉയരുകയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര കൊറിയ അവരുടെ ആണവ പരീക്ഷണ പദ്ധതികള്‍ അവസാനിപ്പിച്ചിട്ടുണ്ട്. അതുപോലെ ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ ചില ഔപചാരിക നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് യാഥാര്‍ഥ്യം. ഇരു വിഭാഗത്തിനുമിടയിലെ വാക് തര്‍ക്കങ്ങള്‍ക്കും യുദ്ധസമാന സാഹചര്യങ്ങള്‍ക്കും അറുതിവരുത്താനാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാവരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രതീക്ഷകള്‍ എത്രത്തോളം വിജയിച്ചുവെന്നതിനേക്കാള്‍, തുടര്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ഇരു രാജ്യങ്ങളും കണ്ടുമുട്ടുമെന്നതാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എച്ച് ഡബ്ല്യൂ ബുഷിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടം ഉത്തര കൊറിയയുമായി ആണവ കരാറിലെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഉത്തര കൊറിയയെ നയിക്കുന്നത് യുവ നേതാവാണ്. അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായ വഴിയാണ് അദ്ദേഹം സ്വീകരിച്ചുവരുന്നത്. ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് കിം ജോംഗ് ഉന്‍ മൂന്ന് ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ പരസ്യമായി തകര്‍ത്തിരുന്നു. അതുപോലെ ട്രംപുമായി ധാരണയിലെത്തുന്നതിനെ എതിര്‍ത്തിരുന്ന മൂന്ന് പ്രമുഖ സൈനിക ഉദ്യോഗസ്ഥരെ അദ്ദേഹം മാറ്റുകയും ചെയ്തിരുന്നു.

സിംഗപ്പൂരില്‍ നിന്നുള്ള വാര്‍ത്തകളെ അമേരിക്കന്‍ രാഷ്ട്രീയം രണ്ട ്തരത്തിലാണ് കാണുന്നത്. ഡെമോക്രാറ്റുകള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. ഉച്ചകോടിക്ക് ശേഷം ട്രംപ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിനെ ഫോണില്‍ വിളിക്കുകയും ഇതിന് ശേഷം അദ്ദേഹം സ്വകാര്യമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, ദക്ഷിണ കൊറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പരസ്യപ്രസ്താവന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളില്‍ ആശ്ചര്യമുണ്ടാക്കിയിട്ടുണ്ട്. അതുപോലെ സൈനിക ഉദ്യോഗസ്ഥരും പെന്റഗണും ഈ പ്രഖ്യാപനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചു. കിം ജോംഗ് ഉന്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ രണ്ടോ മൂന്നോ പ്രധാനപ്പെട്ട കാര്യങ്ങള്‍ ട്രംപ് അങ്ങോട്ട് വാഗ്ദാനം ചെയ്തതായി ഡെമോക്രാറ്റ് നേതാവ് ചക് ഷൂമാര്‍ പറഞ്ഞു.

കിമ്മിനെ നന്ദി അറിയിച്ച് ട്രംപിന്റെ ട്വീറ്റ്

ന്യൂയോര്‍ക്ക്: കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ച ലോകത്തെ ഒരു ആണവ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് കൂടിക്കാഴ്ച സംബന്ധിച്ച പ്രതികരണം അറിയിച്ചത്. ആസന്നമായ ഒരു ആണവ ദുരന്തത്തില്‍ നിന്ന് ലോകം പിറകോട്ട് പോയിരിക്കുന്നു. ഇനി അവര്‍ റോക്കറ്റുകള്‍ വിക്ഷേപിക്കില്ല. ആണവ പരീക്ഷണങ്ങളോ ഗവേഷണങ്ങളോ ഉണ്ടാകില്ല. തടവിലാക്കപ്പെട്ടവര്‍ അവരുടെ കുടുംബത്തോടൊപ്പം വീടുകളിലേക്ക് മടങ്ങിവരും. ഇതിന് കിമ്മിനോട് നന്ദി അറിയിക്കുന്നു. ഇന്നലത്തെ നമ്മുടെ കൂടിക്കാഴ്ച ചരിത്രപരമായിരുന്നു- ട്രംപ് ട്വീറ്റ് ചെയ്തു.