മനുഷ്യത്വത്തിന്റെ ശമ്പളം മരണമോ?

Posted on: June 14, 2018 6:00 am | Last updated: June 13, 2018 at 10:38 pm
SHARE

ഖൊരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞ് മരിക്കുമ്പോള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഓരോന്നിലും ഓടിച്ചെന്ന് ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ സംഘടിപ്പിക്കുക വഴി രാജ്യത്തിന്റെയാകെ മനം കവര്‍ന്ന മനുഷ്യപ്പറ്റുള്ള ഡോക്ടറാണ് കഫീല്‍ ഖാന്‍. എന്നാല്‍ ആ മനുഷ്യനെതിരെ കൃത്യവിലോപത്തിന് കേസെടുത്ത് ജയിലിലടച്ച് പക തീര്‍ക്കുകയായിരുന്നു ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. എന്താണ് കഫീല്‍ ചെയ്ത തെറ്റെന്ന് ഇന്നും വ്യക്തമായിട്ടില്ല. ആ ഡോ. കഫീല്‍ ഖാന്റെ സഹോദരനെ അജ്ഞാതര്‍ വെടിവെച്ചു വീഴ്ത്തുമ്പോള്‍ അത് വെറുമൊരു ഗുണ്ടാ ആക്രമണമായി തള്ളിക്കളയാന്‍ സാധിക്കില്ല. ഗുണ്ടാ വിളയാട്ടം ഉത്തര്‍ പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്ത് പുതിയ സംഭവമല്ലെന്നത് നേര് തന്നെ. പക്ഷേ, കഫീല്‍ ഖാന്റെ സഹോദരനാണ് കാശിഫ് ജമീല്‍ എന്നത് ഏറെ പ്രസക്തമാണ്. ജമീല്‍ ആക്രമിക്കപ്പെടുന്നതിന് ആ കാരണം മാത്രമേയുള്ളൂ.

സഹോദരന്‍ ശസ്ത്രക്രിയക്ക് വിധേയനായി, മരണത്തോട് മല്ലടിച്ച് ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഡോ. കഫീല്‍ ഖാന്‍ പുറത്ത് പറഞ്ഞ കാര്യങ്ങള്‍ അങ്ങേയറ്റത്തെ ഹൃദയവേദനയോടെ മാത്രമേ രാജ്യത്തിന് ശ്രവിക്കാനാകുകയുള്ളൂ. ‘അല്ലാഹു കരുണ കാണിക്കട്ടെ, ഇതു കൊണ്ടൊന്നും ഞാന്‍ വഴങ്ങാന്‍ പോകുന്നില്ല’ എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചത്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ് ബൈക്കിലെത്തിയ സംഘം ജമീലിന് നേരെ വെടിവെച്ചത്. പിന്നില്‍ ആരാണെന്ന് അറിയില്ല. പക്ഷേ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താമസിക്കുന്ന ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ നിന്നാണ് സഹോദരന് വെടിയേറ്റതെന്നും കഫീല്‍ ഖാന്‍ പറയുന്നു. ചികിത്സ വൈകിപ്പിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും അദ്ദേഹം നടത്തുന്നു. സഹോദരനുമായി പോലീസ് നിര്‍ദേശ പ്രകാരം ആദ്യം ചെന്നത് സര്‍ദാര്‍ ആശുപത്രിയിലാണ്. പിന്നീട് ബി ആര്‍ ഡി ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ആദ്യമേ സ്വകാര്യ ആശുപത്രിയില്‍ പോകാന്‍ തയ്യാറായിരുന്ന തങ്ങള്‍ക്ക് ഇതുവഴി നിര്‍ണായകമായ സമയമാണ് നഷ്ടപ്പെട്ടതെന്ന് കഫീല്‍ ഖാന്‍ വ്യക്തമാക്കുന്നു. ഗുജറാത്ത് എം എല്‍ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി ആക്രമണത്തിന് ശേഷം നടത്തിയ ട്വീറ്റ് ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് മേവാനിയുടെ ട്വീറ്റ്: ‘യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓക്‌സിജന് പണം നല്‍കാതിരുന്നപ്പോള്‍ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ആളാണ് കഫീല്‍ ഖാന്‍. ഇപ്പോള്‍ അദ്ദേഹം പ്രതിയാണ്. താങ്കള്‍ വാഗ്ദാനം ചെയ്ത നല്ല ദിവസങ്ങള്‍ക്ക്- വിദ്വേഷ പ്രസംഗങ്ങള്‍ക്ക്, കലാപങ്ങള്‍ക്ക്, രക്തച്ചൊരിച്ചിലിന്, വെടിയുണ്ടകള്‍ക്ക് നന്ദിയുണ്ട് മോദിജി’

വിമര്‍ശിക്കുന്നവരെ ഉന്‍മൂലനം ചെയ്യുകയെന്ന ഫാസിസ്റ്റ് പ്രവണതയുടെ തുടര്‍ച്ചയായി മാത്രമേ ഈ സംഭവത്തെ കാണാനാകുകയുള്ളൂ. കാശിഫ് ജമീലിന് ശത്രുക്കളൊന്നുമില്ല. അതുകൊണ്ട് തന്നെ കഫീലിനോടുള്ള വിദ്വേഷം മൂലം സഹോദരനെ വകവരുത്താന്‍ അക്രമികള്‍ മുതിര്‍ന്നുവെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. തനിക്ക് വധഭീഷണിയുണ്ടെന്ന് കഫീല്‍ ഖാന്‍ നേരത്തേ പറഞ്ഞിരുന്നു. അതിനിടെയാണ് സഹോദരന് വെടിയേറ്റിരിക്കുന്നത്.

യോഗിയുടെ ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം എത്രമാത്രം അരക്ഷിതമാണെന്ന് തുറന്ന് പറഞ്ഞയാളാണ് കഫീല്‍ ഖാന്‍. കേരളത്തിലടക്കം വന്ന് ധീരമായി ഇക്കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇതേത്തുടര്‍ന്ന് അത്യന്തം ഹീനമായ പ്രചാരണമാണ് സംഘ് ശക്തികള്‍ കഫീല്‍ ഖാനെതിരെ അഴിച്ചു വിട്ടത്. ബി ആര്‍ ഡി ആശുപത്രിയിലെ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ അദ്ദേഹം മോഷ്ടിച്ചുവെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടു. തീവ്രപരിചരണ വിഭാഗത്തിലെ ഓക്‌സിജന്‍ നിലച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടികള്‍ മരിച്ചത് 2007 ആഗസ്റ്റ് 10നും 11നുമായിരുന്നു. ആശുപത്രിയിലെ ശിശു രോഗവിഭാഗം തലവനായിരുന്നു ഡോ. കഫീല്‍ ഖാന്‍. ഭരണകാര്യങ്ങളില്‍ ഒരു ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും ദുരന്തത്തില്‍ കുറ്റമാരോപിച്ച് യു പി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചെയ്ത കുറ്റമെന്തെന്നറിയാതെ ഏഴ് മാസമാണ് ജയിലില്‍ ദുരിതജീവിതം നയിച്ചത്. ഡോക്ടറുടെ സേവന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അദ്ദേഹത്തിന് അഭിനന്ദനം പ്രവഹിക്കുകയും ചെയ്തതോടെയാണ് മറ്റു എട്ട് ജീവനക്കാര്‍ക്കൊപ്പം കേസെടുത്ത് ജയിലില്‍ അടച്ചത്.

ദുരന്ത വിവരമറിഞ്ഞു ആശുപത്രി സന്ദര്‍ശിക്കാനെത്തിയ യോഗി ആദിത്യനാഥ് ഡോ. കഫീല്‍ ഖാനോട് ചോദിച്ചു: ‘നിങ്ങളാണോ ഡോ. കഫീല്‍? സിലിന്‍ഡര്‍ എത്തിച്ചത് നിങ്ങളായിരുന്നോ? ഇതുമൂലം നിങ്ങളൊരു ഹീറോ ആയെന്നാണോ വിചാരം? നമുക്ക് കാണാം!’ ആ വാക്കുകളിലെ ഭീഷണി കഫീലിന്റെ ജയില്‍വാസമായി പുലര്‍ന്നു. ഇപ്പോള്‍ സഹോദരന് നേരെ തീ തുപ്പിയ തോക്കിലും ആ വാക്കാണോ മുഴങ്ങുന്നത്? മനുഷ്യത്വത്തിന്റെ ശമ്പളം മരണമെന്നാണോ യോഗിയുടെ നാട്ടിലെ ആപ്തവാക്യം?

LEAVE A REPLY

Please enter your comment!
Please enter your name here