ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ആശുപത്രി നിര്‍മിക്കുന്നു

Posted on: June 13, 2018 10:10 pm | Last updated: June 13, 2018 at 10:10 pm
SHARE

ഷാര്‍ജ: ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ (എസ് എം സി ) റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി പ്രത്യേക ആശുപത്രി നിര്‍മിക്കുന്നു. ഇതിനായി ദി ബിഗ് ഹാര്‍ട്ട് ഫൗഡേഷന് 30 ലക്ഷം ദിര്‍ഹം എസ് എം സി കൈമാറി. ബംഗഌദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലാണ് ആശുപത്രി നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ വര്‍ഷം 7200 രോഗികള്‍ക്ക് പരിചരണം ഉറപ്പുവരുത്തുന്ന വിധത്തിലാണ് ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 140,000 റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് കോക്‌സ് ജില്ലയില്‍ മാത്രം താമസിക്കുന്നത്. ഇതില്‍ 19.4 ശതമാനം അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ്.

മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സുമായി സഹകരിച്ചാണ് ആശുപത്രി നിര്‍മിക്കുക. ബംഗ്ലാദേശിന്റെ അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ക്യാംപുകളില്‍ സഹായമെത്തിക്കുന്നതിനും ആശുപത്രിയിലെ ആരോഗ്യ സേവകര്‍ പ്രവര്‍ത്തിക്കും. പകര്‍ച്ച വ്യാധികള്‍ കണ്ടെത്തി ശുശ്രൂഷിക്കുക, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, അതീവ പരിചരണ വിഭാഗം, കുട്ടികള്‍ക്കായുള്ള പരിചരണ കേന്ദ്രം, പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കുള്ള പ്രത്യേക വാര്‍ഡ്, പ്രമേഹ സംബദ്ധമായ ചികിത്സക്കായുള്ള പ്രത്യേക ക്ലിനിക്കുകളും ലാബുകളും എന്നിവ ആശുപത്രിയിലുണ്ടാകും.

സാധാരണക്കാരായവര്‍ അടങ്ങുന്ന സമൂഹത്തിന് പോലും പുറം ലോകവുമായി സംവദിചു പ്രത്യേക ചികിത്സാ രീതികള്‍ പിന്‍പറ്റുന്നതിന് സൗകര്യമുണ്ട്. അതേസമയം, അഭയാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ പ്രയാസകരമാണ്. ഈ മേഖലയിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ആശുപത്രി നിര്‍മിക്കുന്നതിനുള്ള ഉധ്യമവ്യമായി മുന്നിട്ട് വന്നതെന്ന് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നി ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here