Connect with us

Gulf

അബുദാബിയില്‍ വ്യാപക പരിശോധന; രണ്ട് ടണ്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ടുകെട്ടി

Published

|

Last Updated

അബുദാബി: ഭക്ഷ്യ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി സിറ്റി മുന്‍സിപ്പാലിറ്റി നഗരപരിധിയില്‍ വ്യപകമായി നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. സമൂഹത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി തുടര്‍ച്ചയായി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധന നടത്തിയത്. കണ്ടുകെട്ടിയ രണ്ട് ടണ്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ നശിപ്പിച്ചതായി നഗരസഭ അറിയിച്ചു. അബുദാബി സിറ്റി മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ ഡിവിഷന്‍ നടത്തുന്ന ആരോഗ്യ പ്രചാരണ പരിപാടിയുടെ ഭാഗമായി അബുദാബി മുനിസിപ്പാലിറ്റി (എഡിഎം), അബുദാബി വേസ്റ്റ് മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ചാണ് ആരോഗ്യത്തെ ബാധിക്കുന്ന കാലഹരണപ്പെട്ട രണ്ട് ടണ്‍ (1920 കിലോ) ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചത്. പൊതുജനാരോഗ്യത്തെ ശക്തിപ്പെടുത്തുന്നതിന് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി കാലാവധി കഴിഞ്ഞ വസ്തുക്കള്‍ ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് നഗരസഭ അറിയിച്ചു.

കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍, വ്യക്തിഗത പരിചരണ ഉല്‍പന്നങ്ങള്‍, എന്നിവ ഉള്‍പെടെ പിടിച്ചെടുത്തതായി നഗരസഭ വ്യക്തമാക്കി. നഗരസഭയുടെ അനുമതിയില്ലാത്ത നിരവധി വസ്തുക്കള്‍ അബുദാബി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സലൂണുകളില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് ഡിവിഷനിലെ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കി. അനുമതിയില്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നത് വ്യക്തമായാല്‍ കനത്ത പിഴ ലഭിക്കുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞതും അല്ലെങ്കില്‍ ആരോഗ്യ, ഉല്‍പന്ന ലേബലിംഗ് വ്യവസ്ഥകള്‍ ലംഘിച്ചതുമായ 7681 വസ്തുക്കള്‍ പിടിച്ചെടുത്തതായി നഗരസഭ അധികൃതര്‍ വ്യക്തമാക്കി.