Connect with us

Gulf

27-ാം രാവിനെ ധന്യമാക്കി മസ്ജിദുകളില്‍ വിശ്വാസി പ്രവാഹം

Published

|

Last Updated

ഷാര്‍ജ ശൈഖ് സഊദ് അല്‍ ഖാസിമി മസ്ജിദ് നിറഞ്ഞതിനെ തുടര്‍ന്ന് പുറത്തുനിന്ന് പ്രാര്‍ഥന നിര്‍വഹിക്കുന്ന വിശ്വാസികള്‍.
സുരക്ഷയൊരുക്കാനെത്തിയ പോലീസ് പട്രോളിംഗും കാണാം.

ദുബൈ: ലൈലതുല്‍ ഖദ്‌റിന്റെ പുണ്യം കരസ്ഥമാക്കാന്‍ റമസാന്‍ ഇരുപത്തിയേഴാം രാവില്‍ രാജ്യത്തെ മസ്ജിദുകളിലെത്തിയത് ലക്ഷങ്ങള്‍. റമസാനിലെ അവസാന പത്തിലെ ഒറ്റരാവുകളില്‍ ലൈലതുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാമെന്ന് ഹദീസുകളിലുണ്ടെങ്കിലും ഇരുപത്തിയേഴാം രാവിന് ആഗോള മുസ്‌ലിംകള്‍ വലിയ പവിത്രതയാണ് നല്‍കുന്നത്.

ഇഫ്താര്‍ സമയത്തോടെ വിശ്വാസികള്‍ പള്ളികളിലേക്ക് കൂട്ടമായെത്തിത്തുടങ്ങിയിരുന്നു. തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ക്ക് രാജ്യത്തെ മിക്ക മസ്ജിദുകളിലും വലിയ തിരക്കാണനുഭവപ്പെട്ടത്. പല മസ്ജിദുകളും ജനങ്ങളെക്കൊണ്ട് നിറഞ്ഞ് പലരും പുറത്തുനിന്നാണ് പ്രാര്‍ഥനകള്‍ നിര്‍വഹിച്ചത്. മസ്ജിദുകളില്‍ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയത് വിശ്വാസികള്‍ക്ക് അനുഗ്രഹമായി. പുലരുവോളം പ്രാര്‍ഥനകളില്‍ നിരതരായ വിശ്വാസികള്‍ക്ക് അത്താഴത്തിനുള്ള ഭക്ഷണവും വിവിധ മസ്ജിദുകളില്‍ തയ്യാറാക്കിയിരുന്നു.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ പ്രാര്‍ഥന നിര്‍വഹിക്കുന്ന വിശ്വാസികള്‍

വിവിധ എമിറേറ്റുകളില്‍ മസ്ജിദ് പരിസരത്തും പ്രധാന റോഡുകളിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. മസ്ജിദ് പരിസരങ്ങളില്‍ ഗതാഗതത്തിരക്കിനിടനല്‍കാതെ വിശ്വാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പോലീസ് ഒരുക്കി.

ഷാര്‍ജയിലെ വിവിധ മസ്ജിദുകളില്‍ പ്രാര്‍ഥനക്കെത്തുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാനും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും ഷാര്‍ജ പോലീസ് മസ്ജിദുകള്‍ക്ക് മുമ്പില്‍ പോലീസിനെ വിന്യസിച്ചതിന് പുറമെ നിരത്തുകളിലെല്ലാം ട്രാഫിക് പട്രോള്‍ ശക്തമാക്കിയിരുന്നു. പോലീസിന് പുറമെ നൂറുകണക്കിന് റെഡ് ക്രസന്റ് അടക്കമുള്ള സന്നദ്ധ സേവകരുടെ ഇടപെടലും വിശ്വാസികള്‍ക്ക് അനുഗ്രഹമായി. പ്രാഥമിക ശുശ്രൂഷക്കുള്ള സംവിധാനങ്ങളും ആംബുലന്‍സും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഷാര്‍ജ മസ്ജിദ് പരിസരങ്ങളിലുണ്ടായിരുന്നു.

ഷാര്‍ജ പോലീസ് ഉപമേധാവി ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ അമീര്‍ സ്ഥലത്തെത്തി സൗകര്യങ്ങള്‍ വിലയിരുത്തി. ഷാര്‍ജയില്‍ ശൈഖ് സഊദ് അല്‍ ഖാസിമി മസ്ജിദ്, അല്‍ നൂര്‍ മസ്ജിദ്, കിംഗ് ഫൈസല്‍ മസ്ജിദ് തുടങ്ങിയ മസ്ജിദുകളിലാണ് പ്രാര്‍ഥനക്ക് ഏറെ ജനത്തിരക്കേറിയത്.

ദുബൈയില്‍ ദേര, ബര്‍ ദുബൈ, കറാമ മേഖലകളിലെ പള്ളികളില്‍ വിദേശികളടക്കം ധാരാളം പേര്‍ പ്രാര്‍ഥനക്കെത്തി. അബുദാബി നഗരത്തിലെ പള്ളികളിലും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലും പ്രത്യേക ചടങ്ങുകള്‍ നടന്നു. വിശ്വാസികള്‍ പുലര്‍ച്ചെയോടെയാണ് മടങ്ങിയത്.

Latest