Connect with us

National

രാഹുലിന്റെ ഇഫ്താര്‍ വിരുന്ന് ബിജെപിവിരുദ്ധ കക്ഷികളുടെ സംഗമവേദിയാകും

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്ന ആദ്യ ഇഫ്താര്‍ വിരുന്ന് പ്രതിപക്ഷ കക്ഷികളുടെ സംഗമ വേദിയാകും. ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ താജ് പാലസില്‍ നടക്കുന്ന വിരുന്നില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, താരീഖ് അന്‍വര്‍, സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിതാവ് ഫാറൂഖ് അബ്ദുല്ല, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുക്കും. ഇവരെ കുടാതെ മുന്‍ രാഷ്ട്രപതിമാരായ പ്രണാബ് മുഖര്‍ജി, പ്രതിഭാ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരും പങ്കെടുക്കും.

അടുത്തിടെ എന്‍.ഡി.എ വിട്ട തെലുഗുദേശം പാര്‍ട്ടിയുടെ അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബുനായിഡു, തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടിയുടെ മേധാവിയുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരെ ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിരുന്നിലേക്ക് പ്രണാബ് മുഖര്‍ജിക്ക് ക്ഷണമില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആര്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് അദ്ദേഹം തൃതീയ സംഘ് ശിക്ഷാ വര്‍ഗില്‍ പരിശീലനം സിദ്ധിച്ച പ്രചാരകന്‍മാരെ ആശീര്‍വദിച്ചതിനെതെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്‍പ്പെടെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍, പ്രണാബിനെ ക്ഷണിച്ചില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ക്ഷണം പ്രണാബ് സ്വീകരിച്ചിട്ടുണ്ടെന്നും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധമുന്നണി രൂപവത്കരിക്കുന്നതിനുളള പ്രാഥമികചര്‍ച്ചയും ഇഫ്താറിന്റെ ഭാഗമായി ഉണ്ടാകും. പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് പുറമെ വിവിധ മത സാമുദായിക നേതാക്കളെയും വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. 2015ലാണ് കോണ്‍ഗ്രസ് അവസാനമായി ഇഫ്താര്‍ സംഘടിപ്പിച്ചത്.
നേരത്തെ, രാഷ്ട്രപതി ഭവനില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. മതേതര മൂല്ല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരുന്ന് ഉപേക്ഷിക്കുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ദീപാവലി ആഘോഷങ്ങള്‍ക്കും രക്ഷാബന്ധന്‍ ദിനാചരണത്തിനും രാഷ്ട്രപതി ഭവന്‍ വേദിയായിരുന്നു.