ഗ്രൂപ്പ് മാറി രക്തം കയറ്റി; ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയില്‍

Posted on: June 13, 2018 2:29 pm | Last updated: June 13, 2018 at 8:20 pm
SHARE

കൊല്‍ക്കത്ത: ശസ്ത്രക്രിയക്ക് വിധേയമാക്കിയ യുവതിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയതിനെത്തുടര്‍ന്ന് ശരീരം മഞ്ഞനിറമാവുകയും അവയവങ്ങള്‍ക്ക് കേടുപാടുകള്‍സംഭവിച്ച് ഗുരുതരാവസ്ഥയിലായതായി പരാതി. കൊല്‍ക്കത്തയിലെ കൊളംബിയ ഏഷ്യ ആശുപത്രിയിലാണ് സംഭവം.

ഗര്‍ഭധാരണത്തെത്തുടര്‍ന്നുള്ള പ്രശനങ്ങളാലാണ് അബിജിത്ത് സാഹയുടെ ഭാര്യ 25കാരിയായ ബൈശാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ ശസ്ത്രക്രിയ ആവശ്യമാണെന്നറിയിക്കുകയും അത് ചെയ്യുകയുമുണ്ടായി. എന്നാല്‍ ഇതിന് ശേഷം ബൈശാഖിയുടെ ശരീരം മഞ്ഞ നിറത്തിലാവുകയും മൂത്രത്തില്‍ രക്തം കലരുന്നതായും അബിജിത്ത് കണ്ടെത്തി. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തന്റെ ഭാര്യയുടെ രക്ത ഗ്രൂപ്പ് എ പോസീറ്റീവ് ആണെന്നും ശസ്ത്രക്രിയക്കിടെ നല്‍കിയത് എ ബി പോസിറ്റീവ് രക്തമായതിനാലാണ് പ്രശ്‌നങ്ങളുണ്ടായതെന്നും അബിജിത്ത് ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ ഡോക്ടറോട് സംസാരിച്ചെങ്കിലും മറുപടി പറഞ്ഞില്ലെന്നും പണമടച്ചില്ലെങ്കില്‍ ചികിത്സ തുടരില്ലെന്ന് പറഞ്ഞതായും അബിജിത്ത് പറഞ്ഞു. ഇതുവരെ ചികിത്സക്കായി രണ്ടര ലക്ഷത്തോളം ചിലവഴിച്ചിട്ടുണ്ട്. ചികിത്സാപ്പിഴവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ചൂണ്ടിക്കാട്ടി അബിജിത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിദാന്‍നഗര്‍ പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.അതേ സമയം ആരോപണങ്ങളെല്ലാം ആശുപത്രി അധിക്യതര്‍ നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here