സുഹൃത്തിനെ കൊലപ്പെടുത്തി യമുനയിലൊഴുക്കാന്‍ ശ്രമം; മലയാളിയടക്കം മൂന്ന് പേര്‍ ഡല്‍ഹിയില്‍ പിടിയില്‍

Posted on: June 13, 2018 11:50 am | Last updated: June 13, 2018 at 2:00 pm

ന്യൂഡല്‍ഹി: മദ്യപിച്ചുള്ള തര്‍ക്കത്തിനൊടുവില്‍ സുഹ്യത്തിന് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച മലയാളിയടക്കമുള്ള മൂന്ന് പേരെ പോലീസ് പിടികൂടി. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ് മലയാളിയായ മനോജ് പിള്ള എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

ഇവര്‍ ഞായറാഴ്ച മദ്യപിക്കുകയും പിന്നീടുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ ദീപാംശുവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയിലെ വിജയികൂടിയായ വിശാല്‍ ത്യാഗിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട ദീപാംശു. വിശാലും പൗരുഷും ദീപാംശുവിന്റെ കൈയും കാലും പിടിച്ചുവെക്കുകയും മനോജ് പിള്ള കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. യമുനാ നദിയിലൊഴുക്കാനായി ദീപാംശുവിന്റെ മ്യതദേഹം കഷ്ണങ്ങളാക്കി മുറിച്ച ശേഷം സ്യൂട്ട് കേസില്‍ ഇ റിക്ഷയില്‍ കൊണ്ടുപോകവെ രക്തത്തുള്ളികള്‍ ഇറ്റു വീഴുന്നത് കണ്ട് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്.