Connect with us

Kerala

കലിപ്പടങ്ങാതെ സുധീരന്‍; മാണിക്ക് സീറ്റ് നല്‍കിയ നടപടി ഹിമാലയന്‍ മണ്ടത്തരം, മതേതര മുന്നേറ്റത്തെ തകര്‍ക്കുന്ന നടപടി 

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റേത് മതേതര മുന്നേറ്റം തകര്‍ക്കുന്ന നടപടിയാണെന്ന് മുന്‍ കെ പിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇത് ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിശ്രമങ്ങളെ ശക്തിപ്പെടുത്തുകയല്ല, ദുര്‍ബലമാക്കുകയാണ് ചെയ്യുകയെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജോസ് കെ മാണി ജയിച്ചു വരുമ്പോള്‍ ലോക്‌സഭയില്‍ യുപിഎക്ക് ഒരു സീറ്റ് കുറയും. ഒരു സീറ്റാണെങ്കിലും അത് പ്രധാനമാണ്. ഉള്ള അംഗബലം കുറക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം ഹിമാലയന്‍ മണ്ടത്തരമാണ്. സാമാന്യബുദ്ധിയുള്ള ഒരു രാഷ്ട്രീയ നേതൃത്വവും ഇമ്മാതിരിയൊരു തീരുമാനമെടുക്കില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. യുപിഎയുടെ നഷ്ടം ബിജെപിയുടെ നേട്ടമായി മാറുകയാണ്. എല്‍ഡിഎഫുമായും യുഡിഎഫുമായും ബിജെപിയുമായും വിലപേശിയ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണുറപ്പെന്നും സുധീരന്‍ ചോദിച്ചു.

കേരളത്തില്‍ പ്രവര്‍ത്തകര്‍ സ്വയം പ്രതിഷേധിക്കുന്നു. ചരിത്രത്തിലില്ലാത്ത വിധം പ്രതികരണങ്ങള്‍ ഉണ്ടാകുന്നു. മാണി ചാഞ്ചാട്ടക്കാരനാണ്. അങ്ങനെയുള്ള ആളുകളുമായി ഇടപെടുമ്പോള്‍ മുന്‍കരുതല്‍ എടുക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ നേതൃത്വത്തിന് പാളിച്ചകളുണ്ടായി. കോണ്‍ഗ്രസിലെ ആരും തന്നെ രാജ്യസഭയില്‍ എംപിയായി വരരുതെന്ന ഒളി അന്‍ഡയാണ് നടപ്പായത്. താന്‍ എംപി സ്ഥാനത്തെക്കുറിച്ച് ആലോചിട്ടേയില്ല. പാര്‍ലിമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയ ആളാണ് ഞാന്‍. തനിക്കെതിരെ ഇത്തരം കുപ്രചാരണങ്ങള്‍ ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്നതാണ്.

യുപിഎക്ക് പാര്‍ലിമെന്റില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കേണ്ട സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി നേതൃത്വം സങ്കുചിതമായ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ തടവറയിലാണ്. തെറ്റ് പറ്റിയാല്‍ തുറന്ന് സമ്മതിച്ച് പ്രവര്‍ത്തകരുടെ വിശ്വാസം വീണ്ടെടുക്കുകയാണ് ചെയ്യേണ്ടത്. പരസ്യപ്രസ്താവന പാടില്ലെന്ന ഒറ്റമൂലിയുമായി അവര്‍ ഇറങ്ങിയിരിക്കുകയാണ്. പരസ്യപ്രസ്താവന കോണ്‍ഗ്രസില്‍ എന്നുമുണ്ട്. പരസ്യപ്രസ്താവനയെ വിലക്കുന്ന നേതാക്കന്മാരുടെ രീതിയെന്താണ് ?. താന്‍ കെപിസിസി പ്രസിഡന്റ് ആയ വേളയില്‍ പരസ്യപ്രസ്താവന പാടില്ലെന്ന് നിലപാടെടുത്തപ്പോള്‍ തനിക്കെതിരെ കെപിസിസി ഓഫീസില്‍ വെച്ച് പലതവണ പരസ്യപ്രസ്താവന നടത്തിയ ആളാണ് എംഎം ഹസ്സന്‍. വ്യക്തിബന്ധങ്ങള്‍ മറക്കുന്ന ആളല്ല ഞാന്‍. ജനങ്ങളുടെ വികാരം തിരിച്ചറിയുന്നതില്‍ വീണ്ടും വീഴ്ച പറ്റിയിരിക്കുന്നു. താന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ മനംമടുപ്പിക്കുന്ന സാഹചര്യമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിലേക്ക് തന്നെ ആരേയും കെട്ടിയിറക്കിയതല്ലെന്നും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നിരവധി മേഖലകളില്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണെന്നും സുധീരന്‍ പറഞ്ഞു.